കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊട്ടക് മഹീന്ദ്രയുമായി ധാരണാപത്രം ഒപ്പുവച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കൃഷി, മെഡിക്കല്‍ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളിലാണ് ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ലഭ്യത ഉറപ്പു വരുത്താനും കൊട്ടക് മഹീന്ദ്രയുമായുള്ള സഹകരണം സഹായകമാകും.
ദുബായ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കൊട്ടക്കിന്‍റെ അന്താരാഷ്ട്ര ഓഫീസുകള്‍ വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണികളിലേക്ക് എത്തിച്ചേരാനാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ആര്‍ഐ കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കാനും ധാരണാപത്രം വഴിയൊരുക്കും.

റെഗുലേറ്ററി കംപ്ലയന്‍സസ്, കയറ്റുമതി വരുമാനം, ധനസമാഹരണം എന്നിവയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകള്‍, മെന്‍ററിംഗ് സെഷനുകള്‍, റിവേഴ്സ് പിച്ചിംഗ്, ശില്പശാലകള്‍ തുടങ്ങിയവ കെഎസ് യുഎം സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ്, പ്രാരംഭ ഘട്ട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സേവനങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച വിപണിയ്ക്കുമുള്ള സാമ്പത്തികം കണ്ടെത്താന്‍ ഒരു പ്രധാന ധനകാര്യ സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കുമായുള്ള സഹകരണം സഹായകമാകുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിന്‍റെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വിശ്വാസ്യതയെ പ്രതിഫലിപ്പിക്കുന്നതാണ് കൊട്ടക് മഹീന്ദ്രയുമായുള്ള സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ ബിസിനസ്സ് ബാങ്കിംഗ് ഉത്പന്നങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ സേവനങ്ങളും ലഭ്യമാക്കും.
ഇന്ത്യയിലെ മുന്‍നിര സാമ്പത്തിക സേവന കമ്പനികളില്‍ ഒന്നാണ് 1985 ല്‍ സ്ഥാപിതമായ കൊട്ടക് മഹീന്ദ്ര ഗ്രൂപ്പ്. നഗര, ഗ്രാമപ്രദേശങ്ങളിലെ റീട്ടെയില്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടുള്ള കണ്‍സ്യൂമര്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, ട്രഷറി തുടങ്ങിയ ബിസിനസ് യൂണിറ്റുകള്‍ ബാങ്കിനുണ്ട്.