ജിബ്‌ലി ആർട്ടിലും മനോഹരിയായി മൂന്നാർ


മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാർ.വിണ്ണിറങ്ങി വന്ന സ്വർഗ്ഗം പോലെ സാഹസികരെ ആകർഷിക്കുന്ന മീശപ്പുലിമലയും കൊളുക്കുമലയും നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റു വസന്തം വിരിക്കുന്ന ജക്കറാന്തകളും മാട്ടുപ്പെട്ടി ഡാമുമൊക്കെ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്.
മൂന്നാറിന്റെ മനോഹാരിത വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജിബ്‌ലി ആർട്ടും ട്രെൻഡ് ആയതോടെ പുതിയ പുതിയ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇത്തരത്തിൽ മൂന്നാറിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന ജിബ്ലി ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുത്തൂസ് എന്ന ഉപയോക്താവാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്.

മൂന്നാർ ടൗണും ഡബിൾ ഡെക്കർ ബസും ലക്ഷ്മി ഹിൽസും പഴയ മൂന്നാർ പള്ളിയുമെല്ലാം ജിബ്‌ലി ആർട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ഓരോ സ്ഥലങ്ങളെ കുറിച്ചും ചെറുവിവരണങ്ങളും ചിത്രങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവികുളം എംഎൽഎ അഡ്വ എ രാജ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.