സൂര്യപ്രകാശത്തിൽ മിന്നിതിളങ്ങുന്ന കുതിര; വൈറലായി വീഡിയോ

horse
horse

കണ്ടാൽ ഒരു മെഴുകു പ്രതിമ പോലെ തോന്നുന്ന സുന്ദരൻ കുതിര.  സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ സുന്ദരൻ കുതിര. അഖല്‍-ടെകെ ഇനത്തില്‍പെടുന്ന കുതിരയാണിത്. മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്ക്‌മെനിസ്ഥാനിലാണ് ഈ കുതിരകളെ പ്രധാനമായും കാണപ്പെടുന്നത്. 

ഗബ്രിയേല്‍ കോര്‍ണോ എന്ന ഉപയോക്താവ് എക്‌സില്‍ പങ്കുവച്ചതാണ് അഖല്‍-ടെകെ ഇനത്തില്‍പെട്ട കുതിരയുടെ ദൃശ്യങ്ങള്‍. ഈ കുതിരയുടെ തിളക്കമുള്ള രോമങ്ങളാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ‘ഇത് അപൂര്‍വ അഖല്‍-ടെകെ തുര്‍ക്ക്‌മെന്‍ കുതിര ഇനമാണ്. അതിന്റെ തിളക്കമുള്ള രോമങ്ങള്‍ കാരണമാണ് അതിന് സ്വര്‍ണ്ണക്കുതിര എന്ന വിളിപ്പേര് കിട്ടിയത്’ എന്ന കുറിപ്പും വിഡിയോയുടെ താഴെ നല്‍കിയിട്ടുണ്ട്. 

തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിൽ നിന്നുള്ള അഖൽ-ടെകെ ഇനത്തിൽ പെടുന്ന കുതിരകൾക്ക് അറേബ്യൻ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റർ). ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേ​ഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു. 

സ്വര്‍ണ്ണക്കുതിരകള്‍ എന്നറിയപ്പെടുന്ന അഖല്‍-ടെകെ കുതിരകള്‍ക്ക് വലിയ വിലയുണ്ട്. 30 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകള്‍ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാന്‍ അനുവദിക്കൂ എന്നും പറയപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് 7,000 ത്തില്‍ താഴെ കുതിരകള്‍ മാത്രമാണ് ഉള്ളത്. തുര്‍ക്ക്‌മെനിസ്ഥാന്റെ ദേശീയ മൃഗം കൂടിയാണ് അഖല്‍-ടെകെ കുതിരകള്‍.

Tags

News Hub