ഇന്നുമുതൽ വരയാടുകളെ കാണാം; ഇരവികുളം ദേശീയോദ്യാനം തുറക്കും
Apr 1, 2025, 10:01 IST


മൂന്നാർ: ഇരവികുളം ദേശീയോദ്യാനം ചൊവ്വാഴ്ച വിനോദസഞ്ചാരികൾക്കായി തുറക്കും. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്.
ആടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിൻകുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്. കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടത്. എന്നാൽ ഇവയുടെ എണ്ണം ലഭ്യമായിട്ടില്ല.
നൂറിലധികം വരയാടിൻകുഞ്ഞുങ്ങൾ മേഖലയിൽ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20-നുശേഷം മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പിൽ എണ്ണം കൃത്യമായി അറിയാം.