പീരുമേട് ഇക്കോ ലോഡ്ജും സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും

Peerumedu Eco Lodge and Government Guest House to be inaugurated on the 22nd
Peerumedu Eco Lodge and Government Guest House to be inaugurated on the 22nd

ഇടുക്കി : സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സര്‍ക്കാര്‍ അതിഥി മന്ദിരവും ശനിയാഴ്ച (മാര്‍ച്ച് 22) രാവിലെ 10 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 

പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ ഭരണാനുമതി നല്‍കിയതിന്റെ ഭാഗമായാണ് ഇക്കോ ലോഡ്ജ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയാണ് പദ്ധതിയിലുളളത്. ചുവരുകള്‍, തറകള്‍, സീലിംഗ് മുതലായവ ശുദ്ധമായ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. കൂടാതെ ഇക്കോ ലോഡ്ജിന്റെ അധിക പ്രവൃത്തികള്‍ക്കായി 97.5 ലക്ഷം രൂപയ്ക്കും നവീകരണത്തിനും പരിപാലന പ്രവൃത്തികള്‍ക്കുമായി 1.38 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കിയിരുന്നു.ഇതിന്റെ ഭാഗമായി പാര്‍ക്കിംഗ് യാര്‍ഡ്, ഇക്കോലോഡ്ജിന്റെ സംരക്ഷണ ഭിത്തിയും വേലിയും, മുന്‍വശത്തെ വഴി, പൂന്തോട്ടവും കളിസ്ഥലവും, ഇക്കോലോഡ്ജിന് ചുറ്റുമുള്ള ഇന്റര്‍ലോക്ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള വിശ്രമമുറിയിലേക്കുള്ള പാസേജ് , നടുമുറ്റം, ഇക്കോലോഡ്ജിന്റെ സര്‍വീസ് ബ്ലോക്ക്, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണത്തിനായുള്ള ക്രമീകരണങ്ങള്‍. ഗേറ്റിന്റെ നവീകരണം, പ്രവേശന കവാടത്തില്‍ ലോഗോയുള്ള കമാനം, സിഗ്‌നേച്ചര്‍ ബോര്‍ഡുകള്‍, വൈദ്യുതീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്. 

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല കെ.ഐ.ഐ.ഡി.സിക്കാണ് നല്‍കിയത്. 2020 ല്‍ അതിഥി മന്ദിരത്തിന്റെ നവീകരണത്തിനായി 1.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതിന്റെ ഭാഗമായി ഗസ്റ്റ് ഹൗസ് നവീകരണം, സര്‍വീസ് ബ്ലോക്ക് നവീകരണം, വാട്ടര്‍ ടാങ്ക്, പാര്‍ക്കിംഗ് ഷെഡ്, കോണ്‍ഫറന്‍സ് ഹാള്‍, വൈദ്യുതീകരണം, അനെക്‌സ് ബില്‍ഡിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് 1,79,59,678 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, പമ്പ് ഹൗസിന്റെ നവീകരണം, കിണര്‍ നവീകരണം, ഇക്കോലോഡ്ജ് വശത്തിന് സമീപമുള്ള ഗേറ്റ് പില്ലറിന്റെ നവീകരണം, ടോയ്ലറ്റിന്റെ നവീകരണം, ഡീസല്‍ ജനറേറ്റര്‍, കോമ്പൗണ്ട് ഭിത്തിയുടെ കല്‍പ്പണികളുടെ നവീകരണം, ഗസ്റ്റ് ഹൗസിന് ചുറ്റും വേലി കെട്ടല്‍, മഴവെള്ള സംഭരണ ക്രമീകരണങ്ങള്‍, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, ഗസ്റ്റ് ഹൗസിന് ചുറ്റും ഇന്റര്‍ലോക്ക്, സ്റ്റോര്‍, വസ്ത്രം മാറാനുള്ള മുറി, ബാഡ്മിന്റണ്‍ കോര്‍ട്ട്, അനെക്‌സിന്റെ പിന്‍ഭാഗത്തുള്ള കെട്ടിടത്തിന്റെ നവീകരണം, വിശ്രമമുറി, ലാന്‍ഡ്‌സ്‌കേപ്പിംഗ്, വൈദ്യുതീകരണം എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 


ഗസ്റ്റ് ഹൗസ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, വിവിധ ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Tags