യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ല ; നിര്‍ദേശങ്ങളുമായി എൻപിസിഐ


രാജ്യത്ത് യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം.
അതേസമയം എല്ലാ യുപിഐ ഐഡികളും ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നുണ്ട്. @, !, # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികൾ സിസ്റ്റം നിരസിക്കും. യുപിഐ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഇതിനകം ഈ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികൾ വഴി നടത്തുന്ന ഇടപാടുകൾ പരാജയപ്പെടും. അതായത്, ഫോൺ നമ്പർ 1234567890 ആണെങ്കിൽ എസ്ബിഐ ബാങ്കുമായി ലിങ്ക് ചെയ്ത അക്കൗണ്ടിന്‍റെ യുപിഐ ഐഡി 1234567890oksbi എന്നാണെങ്കിൽ പ്രശ്നമില്ല. എന്നാല്‍, 1234567890@ok-sbi എന്നാണെങ്കിൽ അസാധുവാക്കും. ഈ പ്രശ്നം ഒഴിവാക്കാൻ യുപിഐ ആപ്പുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണം. സംശയങ്ങൾ ഉണ്ടെങ്കിൽ ആപ്പിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.

അതേസമയം യുപിഐ ഐഡികളിൽ പ്രത്യേക പ്രതീകങ്ങൾ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. യുപിഐ വഴിയുള്ള ഇടപാടുകൾ 2024 ഡിസംബറിൽ 16.73 ബില്ല്യൺ എന്ന റെക്കോർഡിലെത്തി. മുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്ക്.