യു പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച് അലഹബാദ് ഹൈകോടതി


ലഖ്നോ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച് അലഹബാദ് ഹൈകോടതി. മസ്ജിദിൽ വെള്ള പെയിന്റടിക്കാൻ അനുമതി തേടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് എതിർപക്ഷത്തുള്ള അഡ്വ. ഹരിശങ്കർ ജയിനിന്റെ ആവശ്യം അംഗീകരിച്ച് ‘തർക്ക മന്ദിരം’ എന്ന് രേഖപ്പെടുത്താൻ കോടതി നിർദേശം നൽകിയത്.
അയോധ്യയിലെ ബാബരി മസ്ജിദിന്റെ വഴിയേ ആണ് സംഭൽ മസ്ജിദിന്റെയും പോക്ക് എന്ന് തോന്നിപ്പിക്കുന്നതാണ് നീക്കങ്ങൾ. വെള്ള പെയിന്റടിക്കണമെന്ന ആവശ്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എതിർത്തു. മസ്ജിദിലെ ശുചീകരണത്തിന്റെ ചുമതല ഫെബ്രുവരി 28ന് കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഏൽപിച്ചിരുന്നു.
മുഗൾ കാലഘട്ടത്തിൽ ബാബർ ചക്രവർത്തി ഹരിഹർ മന്ദിർ എന്ന ക്ഷേത്രം തകർത്താണ് സംഭൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അഡ്വ. ഹരിശങ്കർ ജയിൻ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. തുടർന്ന് കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ മസ്ജിദിൽ പൊലീസ് സന്നാഹത്തോടെ സർവേക്കെത്തുകയും പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
