ഗൂഗിൾ മാപ്പിൽ വ്യാജ സ്ഥാപനങ്ങളുടെ ലൊക്കേഷൻ; നിയമനടപടിയുമായി ഗൂഗിൾ

google.jpg
google.jpg

ഇന്ന്  നാവിഗേഷന്‍ ആപ്പുകളുടെ സേവനങ്ങള്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്തതാണ്. വിപണിയില്‍ വിവിധങ്ങളായ നാവിഗേഷന്‍ ആപ്പുകള്‍ ലഭ്യമാണ്. ഗൂഗിള്‍ മാപ്‌സ്, വേസ്, ആപ്പിള്‍ മാപ്‌സ് എന്നിവയാണ് അതില്‍ മുന്‍നിരയിലുള്ളത്. ഇതില്‍ തന്നെ ഏറ്റവും അധികം വിപണി വിഹിതമുള്ളത് ഗൂഗിള്‍ മാപ്പിനാണ്. 1000 കോടി ഡൗണ്‍ലോഡുകളാണ് പ്ലേ സ്റ്റോറില്‍ മാത്രം ഗൂഗിള്‍ മാപ്പിനുള്ളത്. 200 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുമുണ്ട്.

യാത്രയ്ക്കിടയില്‍ ഗതിനിര്‍ണയത്തിനും മൊബൈല്‍ ആപ്പുകളിലെ ലൊക്കേഷന്‍ ട്രാക്കിങ്ങിനും, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പെട്രോള്‍ പമ്പുകള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയ വ്യവസായ/വാണിജ്യ സ്ഥാപനങ്ങളുടെയും പാര്‍ക്കുകള്‍ ബീച്ചുകള്‍ റിസോര്‍ട്ടുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെയും കെട്ടിടങ്ങളുടേയുമെല്ലാം സ്ഥാനം തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമെല്ലാം നാവിഗേഷന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ സ്ഥാപനങ്ങളിലെ തിരക്കുള്ള സമയം അറിയാനും, ഗതാഗത തിരക്ക് മനസിലാക്കാനുമെല്ലാം ഇത്തരം ആപ്പുകള്‍ സഹായിക്കും.

 വ്യാപകമായി ഉപയോഗത്തിലുള്ള ഈ നാവിഗേഷന്‍ ആപ്പുകള്‍ പക്ഷെ ചിലയാളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. ആഗോള തലത്തില്‍ തട്ടിപ്പുകാരും തട്ടിപ്പ് സ്ഥാപനങ്ങളും ഗൂഗിള്‍ മാപ്പ് നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണ്. സ്ഥാപനങ്ങളുടെ ലൊക്കേഷന്‍ വ്യാജമായി മാപ്പുകളില്‍ ചേര്‍ത്താണ് തട്ടിപ്പ്.

10000-ല്‍ ഏറെ വ്യാജ ലൊക്കേഷനുകളാണ് ഗൂഗിള്‍ മാപ്പില്‍ സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നത്. തട്ടിപ്പുകാര്‍ അവരുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ലൊക്കേഷന്‍ ഉപയോഗിക്കുന്നത്. ഈ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സിബിഎസ് ന്യൂസ് നല്‍കുന്ന റിപ്പോര്‍ട്ട്.

പ്ലംബര്‍മാര്‍, പഞ്ചര്‍/മെക്കാനിക്ക് പോലുള്ള റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന സേവനങ്ങളുടെ പേരിലാണ് വ്യാജ ലിസ്റ്റിങുകള്‍ തട്ടിപ്പുകാര്‍ ഗൂഗിള്‍ മാപ്പില്‍ നിര്‍മിക്കുക. ഇവരെ ഫോണില്‍ ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കുക. ഇരകളുടെ അടിയന്തര സാഹചര്യം മുതലെടുത്ത് അവരില്‍ നിന്ന് അമിതമായ തുക ഈടാക്കുന്നത് ഉള്‍പ്പടെയുള്ള തട്ടിപ്പുകളാണ് ഇവര്‍ നടത്തുന്നത്.

ഈ തട്ടിപ്പുകാര്‍ അവരുടെ വ്യാജ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്നതിനും റീച്ച് ലഭിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ സഹായം തേടുന്നുണ്ടെന്നും ഗൂഗിള്‍ കണ്ടെത്തി.

ടെക്‌സാസില്‍ കേടായ പൂട്ടുകള്‍ ശരിയാക്കുന്ന ലോക്ക്‌സ്മിത്തിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഗൂഗിള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്.വ്യാജ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഗൂഗിള്‍ നടപടി സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. 2023 ല്‍ 1.2 കോടി വ്യാജ ബിസിനസ് പ്രൊഫൈലുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷം കൂടുതലാണിത്.

Tags