ബി‌എസ്‌എൻ‌എൽ 5ജി പരീക്ഷണം തുടങ്ങി

Good news for customers; BSNL 5G is coming, first in these cities
Good news for customers; BSNL 5G is coming, first in these cities

 ബി‌എസ്‌എൻ‌എൽ രാജ്യമെമ്പാടും 4ജി മൊബൈൽ നെറ്റ്‌വർക്ക് വിപുലീകരണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളിലാണ്. ജൂൺ മാസത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ 4ജി വ്യാപനം പൂര്‍ത്തിയാവാനിരിക്കേ ചില നഗരങ്ങളിൽ ബി‌എസ്‌എൻ‌എൽ 5ജി നെറ്റ്‌വർക്കിന്‍റെ പരീക്ഷണം ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ട്. ജയ്പൂർ, ലഖ്‌നൗ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

ബിഎസ്എന്‍എല്‍ പുതിയതായി സ്ഥാപിക്കുന്ന 4ജി ടവറുകൾ 5ജിയിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ളവയാണ്. വരും ആഴ്ചകളില്‍ ബി‌എസ്‌എൻ‌എലിന് 5ജി സേവനങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് ഈ റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത്. ഇതോടെ രാജ്യത്ത് 5ജി സേവനങ്ങൾ നൽകുന്ന നാലാമത്തെ ടെലികോം സേവനദാതാവായി ബിഎസ്‍എൻഎൽ മാറും. റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വി (വോഡാഫോണ്‍ ഐഡിയ) എന്നീ ഓപ്പറേറ്റര്‍മാര്‍ അവരുടെ 5ജി നെറ്റ്‌വർക്കുകൾ നേരത്തെ ആരംഭിച്ചിരുന്നു.

ബി‌എസ്‌എൻ‌എൽ 5ജി ഇൻഫ്രാസ്ട്രക്ചർ പരീക്ഷിക്കാൻ തുടങ്ങിയതായും ജയ്പൂർ, ലഖ്‌നൗ, ചണ്ഡീഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ വിവിധ നഗരങ്ങളില്‍ 5ജി ടവർ സൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയതായും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി സേവനങ്ങൾ പൊതുജനങ്ങള്‍ക്ക് വ്യാപകമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബിഎസ്എൻഎല്ലിന് നല്ല സ്വാധീനമുള്ള ടെലികോം സർക്കിളുകളിൽ 5ജി പരീക്ഷിച്ചുവരികയാണ്. കാൺപൂർ, പൂനെ, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ബി‌എസ്‌എൻ‌എൽ ഏപ്രിൽ മാസം ഉപഭോക്തൃ സേവന മാസമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കമ്പനി ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കമ്പനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾ വരാൻ പോകുന്നുവെന്നാണ് ബിഎസ്എൻഎൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സൂചന നൽകുന്നത്.

Tags

News Hub