മലപ്പുറം വിരുദ്ധ പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

salam
salam

വെള്ളാപ്പള്ളിക്ക് ഇത്തരം പരാമര്‍ശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്.

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമൂഹത്തില്‍ വിഭാഗീയതയും വര്‍ഗീയതയും പരസ്പര വിദ്വേഷവും വളര്‍ത്തുന്ന പ്രവര്‍ത്തനമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിമര്‍ശനം ഉയര്‍ത്തി. 

വെള്ളാപ്പള്ളിക്ക് ഇത്തരം പരാമര്‍ശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് നടത്തിയത്. വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി മുന്‍പും നടത്തിയിട്ടുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കാറില്ല, രാവിലെ പറയുന്നത് വൈകീട്ട് മാറ്റി പറയും. സംഘപരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയെതന്നും പിഎംഎ സലാം പറഞ്ഞു

താന്‍ നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യമാണോ എന്ന് അറിയാന്‍ മലപ്പുറത്ത് കുറച്ച് ദിവസം വെള്ളാപ്പള്ളി താമസിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ നിയപടി സ്വീകരിക്കാന്‍ ലീഗ് ആലോചിക്കുകയാണെന്നും നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ബാധ്യതയാണെങ്കിലും അത് നിര്‍വഹിക്കാന്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും പിഎംഎ സലാം കൂട്ടി ചേര്‍ത്തു.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. 

Tags