കെട്ടിട വാടക ഉയരുന്നു ; റിയാദിലെ പ്രതിസന്ധിക്ക് പരിഹാരമായി രണ്ടു ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കും


വടക്കന്‍ റിയാദിലെ രണ്ട് സുപ്രധാന മേഖലകളില്‍ ഭൂമി ഇടപാടുകള്‍ക്കും കെട്ടിട നിര്‍മാണങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ കിരീടാവകാശി നിര്‍ദ്ദേശം നല്‍കി.
സൗദി തലസ്ഥാനമായ റിയാദിലെ ഭൂമി വിലയിലും കെട്ടിട വാടകയിലും നിലനില്‍ക്കുന്ന വലിയ വില വര്‍ധനവിന് തടയിടാന്‍ പുതിയ നിയമ പരിഷ്‌ക്കരണങ്ങളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ സുസ്ഥിരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി)യും കൗണ്‍സില്‍ ഓഫ് ഇക്കോണമിക് ആന്റ് ഡെവലപ്മെന്റ് അഫയേഴ്സും ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി കിരീടാവകാശിയുടെ നടപടി
വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വടക്കന്‍ റിയാദിലെ രണ്ട് സുപ്രധാന മേഖലകളില്‍ ഭൂമി ഇടപാടുകള്‍ക്കും കെട്ടിട നിര്‍മാണങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ കിരീടാവകാശി നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം രണ്ടിടങ്ങളിലുമായി 33.2 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഭൂമി വില്‍ക്കാനും വാങ്ങാനും ഭൂമിയില്‍ വിഭജനം നടത്താനും അനുവദിക്കുകയും ഇവിടെ കെട്ടിട പെര്‍മിറ്റുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ ഇവയ്ക്കൊക്കെ ഇവിടെ നിയന്ത്രണങ്ങളുണ്ട്.

കെട്ടിട വാടക നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിവര്‍ഷം 10,000 മുതല്‍ 40,000 വരെ റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ താമസ വീടുകളുടെ നിര്‍മാണത്തിനായി അനുവദിക്കാനും കിരീടാവകാശി ഉത്തരവിട്ടു. മറ്റ് വീടില്ലാത്ത വിവാഹിതരായ സൗദി പൗരന്‍മാര്‍ക്കും 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ചതുരശ്ര മീറ്ററിന് 1500 റിയാല്‍ എന്ന നിരക്കില്‍ വീട് എടുക്കാന്‍ സ്ഥലം അനുവദിക്കും. 10 വര്‍ഷത്തേക്ക് ഇത് മറിച്ചുവില്‍ക്കുകയോ ഇവിടെ നിര്‍മിക്കുന്ന വീട് വാടകയ്ക്ക് നല്‍കുകയോ പണയം വയ്ക്കുകയോ ചെയ്യരുത് എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളോടെയാണ് ഇത് അനുവദിക്കുക. നിയമം ലംഘിച്ചാല്‍ സ്ഥലം സര്‍ക്കാര്‍ തിരികെ വാങ്ങും.