ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ; പകരച്ചുങ്കവുമായി യുഎസ്

Donald Trump
Donald Trump

വാഷിങ്ടണ്‍: അന്യായമായി ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്നാരോപിച്ച് ഇന്ത്യയ്ക്ക്  പകരചുങ്കം പ്രഖ്യാപിച്ച് യുഎസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പകരചുങ്കം പ്രഖ്യാപിച്ചത്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം' എന്ന് പറഞ്ഞാണ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ.


അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്.
വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ പ്രസംഗിക്കവേ പറഞ്ഞു. അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചന ദിനമായി' അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു. അത്രമാത്രമെന്നും ട്രംപ് പറഞ്ഞു.

10 ശതമാനുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്.

Tags

News Hub