മുകേഷ് സ്ത്രീലമ്പടനും മദ്യപാനിയുമെന്ന് സരിത, രണ്ട് വിവാഹവും പരാജയം, ഇപ്പോള്‍ ലൈംഗിക ആരോപണവും
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണം വിവാദമായിരിക്കെ ആദ്യഭാര്യ സരിതയുടെ ചില പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മുകേഷിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സരിത ആരോപണവുമായി എത്തിയിരുന്നു. മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ വേളയിലാണ് സരിത മുകേഷിനെതിരെ കടുത്ത ആരോപണവുമായി എത്തുന്നത്. അന്ന് സരിത പറഞ്ഞ് പല കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
നാടക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച മുകേഷ് ചെറുപ്രായത്തില്‍ തന്നെ അഭിനയ രംഗത്തേക്കും സിനിമയിലും എത്തിയിരുന്നു. അഭിനേത്രിയായിരുന്ന സരിതയുമായി ദീര്‍ഘകാലം പ്രണയത്തിലായ ശേഷമായിരുന്നു വിവാഹം. വിവാഹശേഷം തന്നെ അഭിനയിക്കാന്‍ അനുവദിച്ചില്ലെന്ന് സരിത പിന്നീട് പറയുകയുണ്ടായി.
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ലെന്ന് നേരത്തെ സരിത പറഞ്ഞിരുന്നു. മുകേഷുമായി യോജിച്ച് പോവാന്‍ കഴിയാത്തതിന്റെ കാരണമായി സരിത പറഞ്ഞിരുന്നത് സ്ത്രീവിഷയമായിരുന്നു. മദ്യപാനവും ഗാര്‍ഹിക പീഡനവും സരിത മുകേഷിനെതിരെ ആരോപിക്കുകയുണ്ടായി. എന്നാല്‍, ഇവയില്‍ പലതും വിവാഹ മോചനത്തിനായി ഉയര്‍ത്തിക്കാട്ടിയതാണെന്ന രീതിയിലും പ്രചരണമുണ്ടായിരുന്നു.
Also Read:- അമ്മയുടെ അനിവാര്യമായ പതനം പുഴുക്കുത്തുകളേറ്റ്; വിമതസ്വരങ്ങൾക്കു മുൻപിൽ കീഴടങ്ങി മോഹൻലാലും സംഘവും
മുകേഷില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷം സരിത സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മകനായ ശ്രാവണ്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി ഇരുവരും ഒപ്പംനിന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്ത കല്യാണമെന്ന സിനിമയിലൂടെയായിരുന്നു ശ്രാവണ്‍ തുടക്കം കുറിച്ചത്. സിനിമയില്‍ സജീവമാകാന്‍ ശ്രാവണിന് സാധിച്ചില്ല.
സരിതയില്‍നിന്നും അകന്നുകഴിയുമ്പോഴാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. നര്‍ത്തകിയായ ദേവികയുമായി അറേഞ്ച്ഡ് വിവാഹമായിരുന്നു മുകേഷിന്റേത്. എന്നാല്‍, വിവാഹ മോചനത്തിന് മുന്‍പാണ് മുകേഷ് വീണ്ടും വിവാഹിതനായതെന്ന പരാതയുമായി സരിത എത്തിയെങ്കിലും അത് നിയമപരമായി തെളിയിക്കാന്‍ സാധിച്ചില്ല.
മുകേഷിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് കോടീശ്വരന്‍ പരിപാടിയുടെ അണിയറപ്രവര്‍ത്തകയായ ടെസ് ജോസഫ് ആയിരുന്നു. മുകേഷ് ഫോണ്‍ വിളിച്ച് ശല്യം ചെയ്‌തെന്നായിരുന്നു പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ് ഉന്നയിച്ച ആരോപണം അവര്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മിനു മുനീറും മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും മുകേഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ മുകേഷിനെതിരെ എത്തുകയാണെങ്കില്‍ ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകും.