രാജസ്ഥാന്‍ റോയല്‍സിന് പണി കൊടുത്തത് ദ്രാവിഡോ? ലേലത്തില്‍ മികച്ച കളിക്കാരെ ഒഴിവാക്കി, ഇത്തവണ അവസാന സ്ഥാനം ഉറപ്പിക്കാം, രൂക്ഷ വിമര്‍ശനവുമായി റോബിന്‍ ഉത്തപ്പ

Rahul Dravid
Rahul Dravid

കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തുകയും പ്ലേ ഓഫിലെത്തുകയും ചെയ്ത റോയല്‍സ് ഇക്കുറി ഏറ്റവും ദുര്‍ബലമായ ടീമാണെന്നാണ് വിലയിരുത്തല്‍.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണ്‍ ആരംഭം രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ സംബന്ധിച്ച് നിരാശയാണ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീം ആയതുകൊണ്ടുതന്നെ കേരളത്തിലെ വലിയൊരു ശതമാനം ആരാധകരും റോയല്‍സിന് പിന്തുണ കൊടുക്കുന്നു. കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തുകയും പ്ലേ ഓഫിലെത്തുകയും ചെയ്ത റോയല്‍സ് ഇക്കുറി ഏറ്റവും ദുര്‍ബലമായ ടീമാണെന്നാണ് വിലയിരുത്തല്‍.

സീസണില്‍ റോയല്‍സ് അവസാന സ്ഥാനത്തായിരിക്കുമെന്ന് ആരാധകര്‍ പ്രതികരിക്കെ മുന്‍ താരം റോബിന്‍ ഉത്തപ്പ ലേലത്തിലെ ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. നിലവാരമുള്ള കളിക്കാരെ നേടുന്നതില്‍ റോയല്‍സ് പരാജയപ്പെട്ടെന്നാണ് ഉത്തപ്പയുടെ പ്രതികരണം.

റോയല്‍സ് ലേല തന്ത്രത്തെക്കുറിച്ച് ചിന്തിക്കുകയും എവിടെയാണ് പോരായ്മ സംഭവിച്ചതെന്ന് വിശകലനം ചെയ്യുകയും വേണമെന്ന് ഉത്തപ്പ പറഞ്ഞു. സന്ദീപ് ശര്‍മ്മയെയും ജോഫ്ര ആര്‍ച്ചറെയും വളരെയധികം ആശ്രയിക്കുന്ന അവരുടെ ബൗളിംഗ് ആക്രമണം ദുര്‍ബലമായി തോന്നുന്നു. രണ്ടര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ പൂര്‍ണ മികവിലേക്ക് ഉയര്‍ന്നിട്ടില്ല.

ശരീരത്തെ ബാധിച്ച ഒന്നിലധികം പരിക്കുകളും മറ്റ് വെല്ലുവിളികളും അദ്ദേഹം മറികടക്കുന്നതേയുള്ളൂ. ഇത് ഒരു കളിക്കാരന്റെ മാനസിക ഘടനയെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നെന്ന് ഉത്തപ്പ പറഞ്ഞു.

രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ യശസ്വി ജയ്‌സ്വാള്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു എന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍. യശസ്വി ജയ്സ്വാള്‍ സാഹചര്യങ്ങള്‍ നന്നായി മനസ്സിലാക്കി കൂടുതല്‍ മികച്ച ഇന്നിംഗ്സിന് ശ്രമിക്കണമായിരുന്നു എന്ന് മുന്‍താരം ചൂണ്ടിക്കാട്ടി.

 

Tags

News Hub