പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് പരുക്കേറ്റു

Plantation workers injured in wild elephant attack in Palakkad
Plantation workers injured in wild elephant attack in Palakkad

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മംഗലംഡാം കുഞ്ചിയാര്‍ പതിയില്‍ അയ്യപ്പന്‍ പാടിയില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ഉണ്ടായ സംഭവത്തില്‍ ആസാം സ്വദേശികളായ മുന്നു (38), പിങ്കി (29) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടത്തില്‍ കുരുമുളക് പറിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മരത്തിന് മുകളിലായിരുന്ന മുന്നു കാട്ടാന വരുന്നത് കണ്ട് താഴെ ഇറങ്ങി ഓടിയെങ്കിലും തുമ്പി കൊണ്ട് അടിച്ച് വീഴ്ത്തി. 

ഓടുന്നതിനിടെ വീണ പിങ്കിയുടെ കാലില്‍ കാട്ടാനയുടെ ചവിട്ടേറ്റു. പതിനഞ്ചോളം തൊഴിലാളികള്‍ ഈ സമയം അവിടെ ഉണ്ടായിരുന്നു. മംഗലംഡാമില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ സ്ഥലതെത്തി പരിശോധന നടത്തി.
 

Tags

News Hub