മുടി കറുപ്പിക്കാന്‍ ഷാംപൂ, ഹെയര്‍ ഡൈ എന്നിവ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
മുടി കറുപ്പിച്ച് പ്രായം കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ അപൂര്‍വമായിരിക്കും. യൗവ്വനം പാതിയാകുന്നതോടെ പ്രത്യക്ഷപ്പെടുന്ന വെളുത്തമുടി പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ചെറു പ്രായത്തില്‍ തന്നെ ഹെയര്‍ ഡൈ, ഷാംപൂ തുടങ്ങിയവ ഉപയോഗിച്ച് മുടിയും മീശയുമെല്ലാം കറുപ്പിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍, ഇവയുടെ സ്ഥിരമായ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മെലാനിന്‍ പ്രോട്ടീന്‍ ആണ് മുടിക്ക് കറുത്ത നിറം നല്‍കുന്നത്. മുടിയുടെ രണ്ടാം പാളിയിലാണ് മെലാനിന്‍. ഇതിന്റെ കുറവ് വെളുത്ത മുടിക്ക് കാരണമാകുന്നു. ഏറെക്കുറെ മുഴുവന്‍ ആളുകള്‍ക്കും പ്രായമാകുമ്പോള്‍ മുടി നരയ്ക്കുമെങ്കിലും അപൂര്‍വം ചിലരില്‍ ചെറുപ്രായത്തില്‍ തന്നെ മെലാനിന്റെ കുറവുമൂലം വെളുത്തമുടി ഉണ്ടായേക്കാം.
സാധാരണയായി വിപണികള്‍ ലഭ്യമായ കെമിക്കല്‍ ഹെയര്‍ ഡൈകളില്‍ 3 പ്രാഥമിക ചേരുവകള്‍ ഉണ്ട്. അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ്, പിപിഡി എന്നറിയപ്പെടുന്ന P-phenylenediamine.
അമോണിയ മുടിയുടെ സംരക്ഷിത കെരാറ്റിന്‍ പുറം പാളിയില്‍ ചെറിയ സുഷിരങ്ങള്‍ തുറക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. ഇതോടെ കളറിംഗ് തന്മാത്രകള്‍ക്ക് രണ്ടാം പാളിയില്‍ എത്താന്‍ കഴിയും.
കറുപ്പ് ഉള്‍പ്പെടെ എല്ലാ മുടിയിഴകളുടെയും രണ്ടാം പാളിയില്‍ നിന്ന് മെലാനിന്‍ ബ്ലീച്ച് ചെയ്യുന്നതിനാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. മുടിക്ക് ഒരേപോലെ നിറം നല്‍കുന്നതിന് ബ്ലീച്ചിംഗ് ആവശ്യമാണ്.
P-phenylenediamine(PPD) മെലാനിന്‍ നിറമായി മാറ്റുകയും രണ്ടാം പാളിയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. അതുകൊണ്ടാണ് ഷാംപൂ ഉപയോഗിച്ചാലും നിറം എളുപ്പത്തില്‍ ഇളകിപ്പോകാതിരിക്കുന്നത്.
ഈ രാസവസ്തുക്കളില്‍ നിന്ന് മുക്തമാണെന്ന് അവകാശപ്പെടുന്ന ഹെയര്‍ ഡൈകളില്‍ എത്തനോലമൈന്‍ (അമോനോതനോലമൈന്‍, അല്ലെങ്കില്‍ എംഇഎ), ടോലുയിന്‍-2 5-ഡയമിന്‍ സള്‍ഫേറ്റ് തുടങ്ങിയ മറ്റ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. അവയും സമാനമായി പ്രവര്‍ത്തിക്കുകയും സമാനമായ നാശമുണ്ടാക്കുകയും ചെയ്യും.
ചായങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ സംരക്ഷണ കെരാറ്റിന്‍ പാളി നശിക്കുന്നു. ഇത് മുടി പരുക്കനും ദുര്‍ബലവുമാക്കുന്നു. മെലാനിന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മെ സംരക്ഷിക്കും. എന്നാല്‍ ഹെയര്‍ ഡൈകളുടെ ഉപയോഗത്തോടെ അത് ഇല്ലാതാക്കുന്നു.
പിപിഡി ചര്‍മ്മ അലര്‍ജിക്ക് കാരണമാകും, ഇത് തിണര്‍പ്പിനും വീക്കത്തിനും കാരണമാകും. ഒരിക്കല്‍ അലര്‍ജിയുണ്ടായാല്‍ ആ വ്യക്തിക്ക് എല്ലാ പിപിഡി ഉല്‍പ്പന്നങ്ങളോടും ജീവിതകാലം മുഴുവന്‍ അലര്‍ജിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
മൈലാഞ്ചിയാണ് അല്‍പംകൂടി സുരക്ഷിതമായി മുടിക്ക് നിറം നല്‍കുന്നത്. ഒറിജിനല്‍ മെഹന്ദി (പൊടിച്ചതോ ഉണക്കിയതോ ആയ ഇലകള്‍), വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍, അഗ്ലൈക്കോണ്‍ പുറത്തുവിടുന്നു. മുടിയുടെ സംരക്ഷണ പാളിയിലെ കെരാറ്റിന്‍ പ്രോട്ടീനുമായി അഗ്ലൈക്കോണ്‍ ചേരുകയും വായുവില്‍ നിന്ന് ഓക്‌സിജന്‍ ആഗിരണം ചെയ്ത് മുടിക്ക് ചുവപ്പ്-ഓറഞ്ച് നിറം നല്‍കുകയും ചെയ്യുന്നു.
ഈ കളറിംഗ് സംവിധാനം സുരക്ഷിതവും കൃത്രിമ രാസവസ്തുക്കളും ഇല്ലാത്തതുമാണ്. എന്നാല്‍ മെഹന്ദിക്ക് രാസവസ്തുക്കള്‍ പോലെ തല്‍ക്ഷണം നിറം നല്‍കാനാവില്ല. അതുകൊണ്ടുതന്നെ വെളുത്ത മുടി ഒരു സ്വാഭാവിക മാറ്റമായി അംഗീകരിക്കുകയും ജീവിതത്തിലെ കൂടുതല്‍ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.