എം.വി. ഗോവിന്ദനെതിരെ സ്വന്തം തട്ടകത്തിൽ പടയൊരുക്കം; സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും സ്ഥാനമൊഴിയണമെന്ന് പോസ്റ്ററുകൾ
കുടുംബവാഴ്ചയെന്നും പാർട്ടി താല്പര്യത്തേക്കാൾ വ്യക്തിതാൽപ്പര്യത്തിന് മുൻഗണന നൽകുന്നുവെന്നും ഉള്ള ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു.
കണ്ണൂർ: പൊതു തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സ്വന്തം തട്ടകത്തിൽ തന്നെ പരസ്യമായ പ്രതിഷേധം പുകയുന്നു. പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഒപ്പം ജില്ലാ സെക്രട്ടറിയെയും വിമർശിക്കുന്നുണ്ട്. "പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക" എന്ന ശക്തമായ ആവശ്യമാണ് 'മോറാഴ സഖാക്കൾ' എന്ന പേരിൽ പതിച്ചിട്ടുള്ള പോസ്റ്ററുകളിലുള്ളത്.
സ്ഥാനാർത്ഥി പ്രഖ്യാപന വേള മുതൽ മണ്ഡലത്തിൽ നിലനിന്നിരുന്ന കടുത്ത അസംതൃപ്തിയാണ് ഇപ്പോൾ പരസ്യമായ പടയൊരുക്കമായി മാറിയിരിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിൽ ഗോവിന്ദൻ മാസ്റ്ററുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ തീരുമാനിച്ചതിൽ പാർട്ടി കീഴ്ഘടകങ്ങളിൽ വലിയ അമർഷം നിലനിന്നിരുന്നു.

കുടുംബവാഴ്ചയെന്നും പാർട്ടി താല്പര്യത്തേക്കാൾ വ്യക്തിതാൽപ്പര്യത്തിന് മുൻഗണന നൽകുന്നുവെന്നും ഉള്ള ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സിപിഎമ്മിന്റെ ഉറച്ച വോട്ടുകളിൽ വലിയ തോതിലുള്ള ചോർച്ചയുണ്ടായതായി കാണാം. പാർട്ടി അനുഭാവികൾ തന്നെ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് വിട്ടുനിന്നതോ യുഡിഎഫിന് വോട്ട് ചെയ്തതോ ആണ് യുഡിഎഫിന്റെ വമ്പിച്ച വിജയത്തിന് വഴിയൊരുക്കിയത്. പാർട്ടിയിലെ ഉൾപ്പോരുകളെ തുടർന്ന് പുറത്തുപോയവർ പോലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പരാജയമാണെന്നും അദ്ദേഹത്തിന്റെ കഴിവുകേടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സൈബർ ഇടങ്ങളിൽ പാർട്ടി അനുഭാവികൾക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സൈബർ പോരാളികൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ പ്രതിഷേധക്കുറിപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Related Story: സൈബർ സഖാക്കൾ 'തിരിഞ്ഞു കുത്തുന്നു'; തോൽവിക്ക് പിന്നാലെ മധുസൂദനന്റെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല
ഈ പ്രതിഷേധങ്ങളുടെ പ്രതിഫലനമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ നാടായ മൊറാഴയും ധർമ്മശാലയും ഉൾപ്പെടുന്ന മേഖലയിൽ പോസ്റ്ററുകളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് സിപിഎമ്മിൽ ഉടലെടുത്ത ഉൾപാർട്ടി തർക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന സൂചനയാണ് ധർമ്മശാലയിലെ ഈ പോസ്റ്ററുകൾ നൽകുന്നത്.
.jpg)

