സിനിമയിലെ സൂപ്പര്‍താരവും ഫേസ്ബുക്കിലെ പുലിയും പേടിച്ച് മാളത്തിലൊളിച്ചോ? താര സംഘടനയ്ക്ക് ഇത് നാണക്കേട്
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടിമാര്‍ വെളിപ്പെടുത്തലുകളുമായി സജീവമായതോടെ താരസംഘടനയായ അമ്മ എക്‌സിക്യുട്ടീവ് കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചത് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഒരുവാക്കുപോലും പ്രതികരിക്കാതെയുള്ള രാജി ഒളിച്ചോടലാണെന്നാണ് പരക്കെ വിമര്‍ശനം.
അംഗങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഉയര്‍ത്തുന്ന ലൈംഗികാതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ആരോപണങ്ങള്‍ തങ്ങള്‍ക്കിടയിലെ ആര്‍ക്കെതിരെ വേണമെങ്കിലും ഉയരാമെന്ന ഭയമാണ് കൂട്ടരാജിക്കിടയാക്കിയതെന്നാണ് സൂചന. സിനിമകളില്‍ ഡയലോഗടിച്ച് കൈയ്യടി നേടുന്ന മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ നിരന്തരം എഴുതുന്ന ജോയ് മാത്യുവുമെല്ലാം ആരോപണശരങ്ങള്‍ നേരിടാനാകാതെ ഓടിയൊളിച്ചു.
എക്‌സിക്യുട്ടീവ് കമ്മറ്റി പിരിച്ചുവിട്ടകാര്യം അറിയിക്കാന്‍ പോലും ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ താരസംഘടനയ്ക്ക് സാധിച്ചില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് സിനിമയിലെ നായകന്മാര്‍ മുഖംമറച്ച് വീട്ടിലേക്ക് മടങ്ങി. കമ്മറ്റിയിലെ അംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമവും മോശം പെരുമാറ്റവും ആരോപിച്ച് കമ്മറ്റി പിരിച്ചുവിടണമെന്ന് അഭിനേതാക്കളുടെ സംഘടനയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രസിഡന്റും മുതിര്‍ന്ന നടനുമായ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള 17 അംഗങ്ങളും രാജി സമര്‍പ്പിച്ചത്. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി 2024 ജൂണില്‍ തിരഞ്ഞെടുക്കപ്പെട്ടു, 2027 വരെ കാലാവധിയുണ്ടായിരുന്നു.
Also Reade:- മുകേഷ് സ്ത്രീലമ്പടനും മദ്യപാനിയുമെന്ന് സരിത, രണ്ട് വിവാഹവും പരാജയം, ഇപ്പോള്‍ ലൈംഗിക ആരോപണവും
നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാരോപണത്തെ തുടര്‍ന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയും തീരുമാനിച്ചത്.
ലൈംഗികാരോപണം നേരിടുന്നവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിയണമെന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ആവശ്യപ്പെട്ടത് അസോസിയേഷനില്‍ അതൃപ്തിക്ക് കാരണമായിരുന്നു. ജനറല്‍ ബോഡി വിളിച്ചുകൂട്ടി രണ്ട് മാസത്തിനകം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
മോഹന്‍ലാലിനെ കൂടാതെ നടന്‍മാരായ ജഗദീഷ്, ആര്‍.ജയന്‍ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരും രാജിക്കത്ത് സമര്‍പ്പിച്ചു. ഉണ്ണി മുകുന്ദന്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവിനോ തോമസ്, സരയു മോഹന്‍, അന്‍സീബ എന്നിവരും സ്ഥാനമൊഴിഞ്ഞവരില്‍ ഉള്‍പ്പെടുന്നു.