ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര വകുപ്പ്, ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശി തിരിച്ചടിയാകുന്നു, സിപിഎമ്മിന്റെ അടിവേരിളക്കിയെന്ന് അണികള്‍
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയപ്പോഴും ഏറ്റവും മോശം വകുപ്പെന്ന പേരുദോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ആഭ്യന്തര വകുപ്പിന്. രണ്ടുതവണയും പോലീസിനെ നേര്‍വഴിക്ക് നയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. അടുത്തിടെ പിവി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലോടെ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം രൂക്ഷമായി.
പല രീതിയിലുള്ള ആരോപണമാണ് നാളുകളായി പോലീസ് വകുപ്പിനെതിരെ ഉയരുന്നത്. പി ശശിയാണ് ആഭ്യന്തര വകുപ്പിന്റെ കാര്യകര്‍ത്താവെന്നും പോലീസുകാരെ കയറൂരി വിട്ടിരിക്കുകയാണെന്നുമാണ് ആക്ഷേപം. സാധാരണക്കാര്‍ക്ക് അത്താണിയാകേണ്ട പോലീസ് വമ്പന്മാരുടെ പണിക്കാരായി അധപതിച്ചെന്നും മാഫിയയും ക്രിമിനല്‍ വത്കരണവും പോലീസില്‍ വ്യാപകമാണെന്നും പരക്കെ പരാതിയുയര്‍ന്നുകഴിഞ്ഞു.
സിപിഎം ബ്രാഞ്ച് സമ്മേളനം ആരംഭിച്ചതോടെ ആഭ്യന്തര വകുപ്പിനാണ് പാര്‍ട്ടി അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിനെ ജനങ്ങളുമായി അകറ്റുന്നതില്‍ പോലീസ് പ്രധാന പങ്കുവഹിച്ചെന്നും മുഖ്യമന്ത്രിയുടെ വകുപ്പ് നിരാശപ്പെടുത്തിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പോലീസിനെതിരെ ആരോപണങ്ങള്‍ വ്യാപകമാകവെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് ഇതേക്കുറിച്ച് നിരീക്ഷണവുമായെത്തി. എട്ടു വര്‍ഷമായി ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്ന വിചിത്രമായ പോലീസ് നയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഭവമെന്ന് ജേക്കബ് പറയുന്നു.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ചില പോലീസുകാരെക്കുറിച്ചുള്ള പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കൊട്ടും അദ്ഭുതം തോന്നിയില്ല. അത് ഒരു കൂട്ടം പോലീസുകാര്‍ കാണിച്ചുകൂട്ടിക്കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളുടെ കണക്കായല്ല ഞാന്‍ കാണുന്നത്, മറിച്ചു കഴിഞ്ഞ എട്ടു വര്‍ഷമായി ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്ന വിചിത്രമായ പോലീസ് നയത്തിന്റെ ബാക്കിപത്രമായാണ്.
കമ്യൂണിസ്റ്റുകള്‍ക്കു പോലീസിനെപ്പറ്റി നല്ല ധാരണയുണ്ട്; എന്താണ് ആ സംവിധാനം എന്നും, എന്താണ് അത് ചെയ്യുന്നതെന്നും എന്താണ് അത് ചെയ്യേണ്ടതെന്നും അറിയാന്‍ അവര്‍ക്കു പുറത്തുനിന്നും ഉപദേശം ആവശ്യമില്ല. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയുള്ള ഏറ്റവും വലിയ ആരോപണം സെല്‍ ഭരണത്തെക്കുറിച്ചുള്ളതായിരുന്നു. പ്രമാണിമാരുടെ വാലില്‍ കെട്ടിത്തൂങ്ങിയാടി അവര്‍ക്കു വിടുപണി ചെയ്തുകൊണ്ടിരുന്ന പോലീസിനെക്കൊണ്ട് നാട്ടില്‍ ആ സൈസ് മനുഷ്യര്‍ മാത്രമല്ല ഉള്ളതെന്നും തൊഴിലാളിയ്ക്കും കൃഷിക്കാരനും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമൊക്കെ പോലീസ്വഴി നീതി നടത്തിയെടുക്കാന്‍ അവകാശമുണ്ടെന്നുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് നടത്തിയെടുത്തപ്പോഴാണ് അതിനു സെല്‍ ഭരണമെന്ന പേര് വീണത്.
ആ പരീക്ഷണം ചില സ്ഥലത്തെങ്കിലും പാളിപ്പോയിരിക്കും; പക്ഷെ അതിന്റെ ആത്യന്തിക നൈതികതയുടെ കാര്യത്തില്‍ സംശയം വേണ്ട. പൊതുജനത്തോട് അക്കൗണ്ടബിളായിട്ടുള്ള ഒരു പോലീസ് വേണം നാട്ടില്‍ ഉണ്ടാകാന്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും നിയന്തിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് കഴിയണം. അധികാരം നിയമരൂപത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു സംവിധാനമെന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും അത് പൗരന് നേരെ തിരിയും, പ്രത്യേകിച്ച് നമ്മുടെപോലുള്ള ഒരു മൂന്നാം ലോക രാജ്യത്ത്. നിയന്ത്രിച്ചു നിര്‍ത്തുക എന്നതല്ലാതെ മറ്റൊരു വഴിയില്ല. അതിനുള്ള സംവിധാനം നമ്മുടെ ഭരണഘടനയിലുണ്ട്. പല തരം ചെക്ക് ആന്‍ഡ് ബാലന്‍സ് സംവിധാനത്തിലൂടെയാണ് നമ്മള്‍ അതുറപ്പാക്കുന്നത്.
Also Read:- ഓണത്തിന് സപ്ലൈകോയില്‍ വന്‍ വിലക്കുറവ്, 1203 രൂപയുടെ സാധനങ്ങള്‍ 771 രൂപയ്ക്ക് വാങ്ങാം
ഇതറിയാത്ത ആളല്ല മുഖ്യമന്ത്രി. അടിയന്തിരാവസ്ഥയടക്കം പോലീസ് സംവിധാനം അതിന്റെ കിരാത രൂപത്തില്‍ നിലനിന്നിരുന്ന കാലത്തു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് അദ്ദേഹം. അതുകൊണ്ട്തന്നെ അത് മെച്ചപ്പെടണമെന്നും പ്രൊഫഷണലായി നടക്കണമെന്നും ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്നും ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം ആഗ്രഹിച്ചെങ്കില്‍ അത് വളരെ ന്യായമായ കാര്യമാണ്.
എന്നാല്‍ ഏതു പരീക്ഷണത്തിനും അതിന്റെതായ സാഹചര്യങ്ങളും പ്രോസസ്സുകളുമുണ്ട്. കള്ളനാണോ പോലീസാണോ, ആരോടാണ് കൂറ് എന്നൊന്നും അത്ര ഉറപ്പില്ലാത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെക്കൊണ്ടാണ് അദ്ദേഹം പോലീസ് ഭരണം തുടങ്ങുന്നത്. പൊതുജനത്തിനും പോലീസിനും സ്വീകാര്യരായിരുന്ന എന്‍ ചന്ദ്രശേഖരന്‍ നായരോ ജേക്കബ് പുന്നൂസോ പോലുള്ള ഒരു പോലീസ് മേധാവിയെ മഷിയിട്ടു നോക്കിയാല്‍ കാണാനില്ലാത്ത ഒരവസ്ഥയിലാണ് താന്‍ ഈ 'സ്വതന്ത്ര പോലീസ്' നയം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്ന യാഥാര്‍ഥ്യബോധം മുഖ്യമന്ത്രിയ്ക്ക് ഇല്ലാതെ പോയി. ഒരു ഭൂലോക തട്ടിപ്പുകാരന്റെ ആതിഥ്യം സ്വീകരിച്ചു അയാളുടെ മടയില്‍പ്പോയി അവിടെ സൂക്ഷിച്ചിരുന്ന സീസറിന്റെയോ അലക്സാണ്ടറുടെയോ സിംഹാസനത്തില്‍ വിഡ്ഡിച്ചിരിയോടെയിരുന്ന ഒരാളാണ് ഈ സംസ്ഥാനത്തെ പോലീസിനെ എത്രയോ കാലം ഭരിച്ചതെന്നോര്‍ക്കുമ്പോള്‍ ഇതിലൊന്നും ബന്ധമില്ലാത്ത എനിക്കുപോലും മൈതാനമധ്യത്തു തുണിയുരിഞ്ഞുപോയപോലെ തോന്നും. പിണറായി വിജയന് അദ്ദേഹം ഇപ്പോഴും വേണ്ടപ്പെട്ടയാളാണ്!
ഏതിനും പരീക്ഷണം തുടങ്ങി ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് നിലമ്പൂരിലെ ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. ഇടതുപാര്‍ട്ടികള്‍ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരാണ്; പശ്ചിമ ബംഗാളില്‍ നക്‌സലൈറ്റുകളുടെ ആക്രമണത്തില്‍ സഖാക്കള്‍ നിരന്തരം കൊല്ലപ്പെട്ടിരുന്നപ്പോഴും ഒരു നയം എന്ന നിലയില്‍ ഏറ്റുമുട്ടല്‍ കൊലകളെ ഇടതുപക്ഷം അംഗീകരിച്ചിരുന്നില്ല.
പക്ഷെ ഒരു മാര്‍ക്‌സിറ്റ് മുഖ്യമന്ത്രിയില്‍നിന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് നിലമ്പൂര്‍ കൊലകളെപ്പറ്റി പിണറായി വിജയനില്‍നിന്നുണ്ടായത്. പോലീസിന്റെ മനോവീര്യം കെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുന്നുണ്ടാവില്ല എന്നായിരുന്നു ആ പ്രഖ്യാപനം. വഴി തെറ്റിപ്പോയ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയാണ് പോലീസിന്റെ പണി എന്നുറപ്പിക്കാവുന്ന അവസ്ഥയിലല്ല നമ്മള്‍. പക്ഷെ ഏറ്റുമുട്ടല്‍ കൊലയാണ് പോലീസിന്റെ പണി എന്ന് എന്നുറപ്പിക്കാവുന്ന അവസ്ഥയിലുമല്ല.
അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടുന്ന പട്ടാളക്കാരന്റെ ആത്മവീര്യം കാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. അതല്ല ഏറ്റുമുട്ടല്‍ കൊല നടത്തുന്ന പോലീസുകാരന്റെ കാര്യം.
ആ വ്യത്യാസം മുഖ്യമന്ത്രി അറിയേണ്ടതാണ്.
അതൊരു മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി നിശ്ചയമായും അറിഞ്ഞിരിക്കേണ്ടതാണ്.
പിന്നെങ്ങനെയാണ് വെടിവച്ചുകൊല്ലുന്ന പോലീസ് നമ്മുടെ പോലീസാകുന്നത്? എവിടെയാണ് ആ നയത്തിന്റെ ഉദ്ഭവം? ആരാണ് അതിനുത്തരവാദി?
അവിടെനിന്നില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കൊരിടത്തുമില്ലാത്ത പോലീസ് നയത്തിന്റെ ബാക്കി നമ്മള്‍ കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ കണ്ടുപലപ്പോഴായി . എട്ടു മനുഷ്യരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തു വെടിവെച്ചു കൊന്നു. ലോക്കപ്പ് മരണങ്ങള്‍ പലതുണ്ടായി. പോലീസ് നൃശംസകള്‍ക്കിരയായവരുടെ എണ്ണത്തിന് കണക്കൊന്നുമില്ല. 'പോലീസ് മര്യാദയോടുകൂടി നാട്ടുകാരോട് പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നില്ലെന്നും ഉറപ്പാക്കും' എന്നൊക്കെ എഴുതിവച്ച പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ ഭരണത്തിലേറിയ സര്‍ക്കാരിന്റെ കാലത്താണ് ഇതൊക്കെ നടന്നത് എന്നോര്‍ക്കണം.
ആരാണ് ഇതിനുത്തരം പറയേണ്ടത്?
ഒരു വശത്തു സാധാരണക്കാരും എന്തിനു പാര്‍ട്ടിക്കാരും പാര്‍ട്ടിനേതാക്കന്മാരും പോലും പോലീസിന്റെ നിയമവിരുദ്ധ നിലപാടുകള്‍ കൊണ്ട് പൊറുതിമുട്ടുമ്പോള്‍ മറ്റൊരു വശത്തു സമൂഹത്തില്‍ വിഷം പരത്തി വിഭജിച്ചുകൊണ്ടിരുന്ന വിഷപ്പാമ്പുകള്‍ ഇതിനു മുന്പില്ലാത്തവിധം പത്തിവിടര്‍ത്തിയാടുകയായിരുന്നു. വര്‍ഗീയ വിഭജനത്തിനുവേണ്ടി ഐ ടി സെല്ലിനെ വെല്ലുന്ന തരത്തിലുള്ള പ്രചാരണം നടത്തിക്കൊടിരുന്നവര്‍ നമ്മുടെ നാട്ടില്‍ അര്‍മാദിച്ചുകൊണ്ടിരുന്നു; ഒരു നിയമനടപടിയും അവര്‍ക്കു നേരിടേണ്ടി വന്നില്ല. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സംഘടിത ശ്രമം നമ്മുടെ കണ്മുന്നില്‍ നിരന്തരം നടന്നു, ആളുകള്‍ അതേക്കുറിച്ചു വേവലാതിപ്പെട്ടു, പരസ്യമായി പറഞ്ഞു. 'വര്‍ഗീയ പ്രചരണങ്ങളെയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളെയും ശക്തമായി നേരിടും' എന്ന് പോലീസ് വിഷയത്തില്‍ ഒന്നാം ഇനമായി പ്രകടനപത്രികയില്‍ എഴുതിവച്ച ഒരു മുന്നണി അധികാരത്തിലിരുന്ന കാലത്താണ് കേരളം കത്തിക്കുന്ന വിധത്തിലുള്ള വര്‍ഗീയ വിഭജന ശ്രമങ്ങള്‍ നടന്നത്; അതിന്റെ കാശുവാങ്ങി കീശയിലിട്ടവര്‍ ഇപ്പോഴും സര്‍വ്വതന്ത്ര സ്വതന്ത്രരായി ഇതിലെ നടക്കുന്നു. പോലീസോ ആഭ്യന്തരവകുപ്പോ ആഭ്യന്തരവകുപ്പ് മന്ത്രിയോ ഇതൊന്നും അറിഞ്ഞ മട്ടുമില്ല.
ഇന്ന് കേരളത്തില്‍ സംഘ പരിവാര്‍ രാഷ്ട്രീയത്തിനനുകൂലമായ ഏതെങ്കിലും സാഹചര്യമുണ്ടെങ്കില്‍ അത് ഈ വിദ്വേഷ പ്രചാരണം കൊണ്ടുണ്ടായതാണ് എന്ന് കരുതുന്നവര്‍ പലരുണ്ട്; ഞാനടക്കം. തൃശൂര്‍ തെരഞ്ഞെടുപ്പുവിജയത്തിലെത്തി നില്‍ക്കുന്നു ആ പ്രചാരണം.
ആരാണ് ഇതിനു മറുപടി പറയേണ്ടത്?
ഇടപ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ ഇടപെടാതിരുന്ന മുഖ്യമന്ത്രി എന്നാല്‍ പലപ്പോഴും പോലീസിന്റെ സംരക്ഷകന്‍ മാത്രമല്ല അവരുടെ തോന്ന്യാസങ്ങള്‍ നാട്ടുകാരുടെ മുന്‍പില്‍ വിശദീകരിക്കുന്ന നാവായി മാറുകകൂടി ചെയ്തു. പന്തീരാങ്കാവ് കേസില്‍ രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തപ്പോള്‍ നാട് ഞെട്ടി. പോലീസ് യു എ പി എ ചാര്‍ജ് ചെയ്യുമെന്ന സൂചന വന്നപ്പോള്‍ത്തന്നെ നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നു. അന്നേ ദിവസം കണ്ണൂര് നിന്നും ഐ ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടേക്ക് പാഞ്ഞുപോയപ്പോള്‍ ഞാന്‍ മാത്രമല്ല, നാട്ടിലെ ഇടതുപക്ഷക്കാരടക്കം മിക്കവാറും മനുഷ്യര്‍ വിചാരിച്ചതു അദ്ദേഹം ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോയതാണെന്നും നിയമപരമായ നടപടികള്‍ പിറകെയുണ്ടാകുമെന്നുമാണ്.
എന്നാല്‍ അവിടെയെത്തിയ ഉദ്യോഗസ്ഥന്‍ അത് യു എ പി എ കേസാണെന്നു പ്രഖ്യാപിച്ചു. ആ കരിനിയമം കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതീരെ പ്രയോഗിച്ചപ്പോള്‍ ആരോട് പ്രതിഷേധിക്കണം എന്നറിയാതെ മനുഷ്യര്‍ നിന്നു. സി പി എം പോളിറ്റ് ബ്യുറോ അംഗങ്ങളടക്കം അത് തെറ്റായ നടപടിയാണെന്നു പറഞ്ഞു പക്ഷെ മുഖ്യമന്ത്രിയ്ക്ക് കുലുക്കമില്ലായിരുന്നു; അത് ന്യായീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. ആ കുട്ടികള്‍ ആട്ടിന്‍ കുട്ടികളല്ലെന്നും അവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്നുമൊക്കെ പറഞ്ഞു പോലീസ് വ്യാഖ്യാനം അതുപടി മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. ഇടതുപക്ഷത്തുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് അതോര്‍മ്മ കാണും: അതിനെ പരിഹസിച്ചും ചോദ്യം ചെയ്തും പ്രതികരിച്ചതിന്റെ പേരിലാണ് എനിക്കാദ്യമായി കുറെയേറെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടത്.
മുഖ്യമന്ത്രി നിയമസഭയില്‍ എണീറ്റുനിന്നു ന്യായീകരിച്ച ആ കേസിന്റെ വിധിയെന്തായി? പ്രോസിക്യൂഷന്റെ ഓരോ വാദവും പൊളിച്ചുകീറി സുപ്രീം കോടതി കൊട്ടയിലിട്ടിട്ടുണ്ട്. ഇനി കേരള പോലീസും എന്‍ ഐ എ യും സി ബി ഐ യും ചുമ്മാ ഒരു രസത്തിനു ഈ ഡി യും ഇന്‍കം ടാക്സും കൂടി വന്നു തലകുത്തിനിന്നാലും ആ കേസ് പൊങ്ങില്ല; അമ്മാതിരി തോന്ന്യാസമായിരുന്നു ആ കേസ്. അത് പരമോന്നത കോടതിയ്ക്ക് മനസിലായി.
ആരായിരുന്നു അതിനുത്തരവാദി? ആരായിരുന്നു പോലീസിനെ തിരുത്തേണ്ടിയിരുന്നത്?
കെട്ടുവിട്ട പട്ടം പോലെ നടന്ന പോലീസ് നടത്തിയ വൃത്തികേടുകളുടെ ഇങ്ങേയറ്റമാണ് തൃശൂര്‍ പൂരം കലക്കാന്‍ ഒരു പോലീസുകാരന്‍ ഒറ്റക്കാലില്‍ നിന്ന് നടത്തിയ ശ്രമം. മന്ത്രിസഭയിലെ രണ്ടാമന്‍, ആ ജില്ലക്കാരന്‍ റവന്യൂ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും തലയ്ക്കു മുകളില്‍ക്കൂടി അലമ്പുണ്ടാക്കാന്‍ ഒരു പോലീസുകാരന് എങ്ങിനെ ധൈര്യം വന്നു? ആരായിരുന്നു അതിന്റെ പിന്നില്‍? മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും വിപരീതമായി എന്തുകൊണ്ടാണ് അയാളുടെ പേരിലുള്ള നടപടി വൈകിയത്? ആരാണിത് മോണിറ്റര്‍ ചെയ്യേണ്ടിയിരുന്നത്?
ആരുടെ പക്കലാണ് ഈ ചോദ്യം ചെന്ന് നില്‍ക്കേണ്ടത്?
ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേയുള്ളൂ. ഞാനിക്കാര്യങ്ങള്‍ എട്ടുകൊല്ലമായി പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് എന്നെ വായിക്കുന്നവര്‍ക്കറിയാം. രാഷ്ട്രീയ നിയന്ത്രണം ഇല്ലാതായാല്‍ പോലീസ് സംവിധാനത്തിനു എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ്, കഴിഞ്ഞ എട്ടു വര്ഷം കൊണ്ട് പോലീസ് സേന ദുഷിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് നമ്മളിപ്പോള്‍ കാണുന്നത്. ഒരു എ ഡി ജി പി നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ വേറെയും എ ഡി ജി പി മാര്‍ ഇമ്മാതിരി പണി നടത്തിയിട്ടുണ്ടാകും; ഒരു എസ് പി കള്ളക്കച്ചവടം നടത്തിയിട്ടുണ്ടെങ്കില്‍ വേറെയും എസ് പി മാര്‍ അപ്പണി നടത്തിയിട്ടുണ്ടാകും. താഴ്ന്ന റാങ്കിലുള്ള ചില ക്രിമിനല്‍ പൊലീസുകാരെ പുറത്താക്കി എന്നത് ശരി. പക്ഷെ ഈ പുഴുക്കുത്തിനു പരിഹാരമാകുന്നില്ല.
ശ്രീ അന്‍വര്‍ ഒന്ന് കുത്തിയപ്പോള്‍ പുറത്തുചാടിയ പഴുപ്പാണ് ഇപ്പോള്‍ ഒലിച്ചിറങ്ങുന്നത്. അന്‍വര്‍ കുത്തിയിടത്തുമാത്രമേ പഴുത്തിട്ടുള്ളൂ എന്ന് വിശ്വസിക്കേണ്ടവര്‍ക്കു വിശ്വസിക്കാം, എനിക്ക് ആ വിശ്വാസമില്ല.
***
മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ അന്വേഷണത്തെ എത്രത്തോളം വിശ്വസിക്കാം? മുഖ്യമന്ത്രിയുടെ നിലപാടില്‍ ന്യായമോ യുക്തിയോ ഇല്ലെന്നെനിക്കു തോന്നുന്നു. അദ്ദേഹത്തിന്റെ മുന്നണിയില്‍പ്പെട്ട ഒരു എം എല്‍ എ ഉത്തരവാദിത്തത്തോടെ ഉന്നയിച്ച ആരോപണം അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേട്ടു; അന്വേഷണം നടത്തുമെന്ന് പറഞ്ഞു. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ആ അധികാരസ്ഥാനത്തുനിന്നു നീക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. അതിനര്‍ത്ഥം മുഖ്യമന്ത്രിയ്ക്ക് അയാളില്‍ വിശ്വാസമുണ്ട് എന്ന് തന്നെയാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമുള്ള, രാഷ്ട്രീയ പിന്തുണയുള്ള ഉദ്യോഗസ്ഥനോട് ആര് ചോദ്യം ചോദിക്കും? ചോദിച്ചാല്‍ അയാളെന്തിന് ഉത്തരം പറയണം?
എ ഡി ജി പിയെ ആ സ്ഥാനത്തു നിന്നു സസ്പെന്‍ഡ് ചെയ്തു ക്രിമിനല്‍ കേസെടുത്തു പോലീസ് അന്വേഷണം നടത്തണം. അയാള്‍ ട്രൈബുണലില്‍ പോകുമെന്ന ഞായമൊക്കെ ആളുകള്‍ പറയുന്നുണ്ട്. ദയനീയമാണ് അത്തരക്കാരുടെ രാഷ്ട്രീയ-നിയമ ബോധ്യം എന്നേ പറയാനുള്ളൂ.
അയാളുടെ സംരക്ഷകനാണ് എന്ന് എം എല്‍ എ ആരോപിക്കുന്ന പൊളിറ്റിക്കല്‍ സെക്രറ്ററി ആ സ്ഥാനത്തിരിക്കുമ്പോഴും അന്വേഷണം നീതിപൂര്‍വ്വകമാകില്ല. ഇപ്പോഴും അയാളുടെ ഫോണിന്റെ മറുതലയ്ക്കു ഈ സംസ്ഥാനത്തെ പോലീസ് സംവിധാനം മുഴുവനുമുണ്ടാകും എന്നതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിയ്ക്കാന്‍ അയാള്‍ക്കാകും. അയാളെ ആ സ്ഥാനത്തിരുത്തിയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന അന്വേഷണം നടക്കും എന്ന് തോന്നുന്നില്ല.
ഏറ്റവും അടിസ്ഥാനപരമായ കാര്യം പോലീസ് നയം ഒരു പരാജയമാണ് എന്ന് സി പി എം സമ്മതിക്കുകയാണ്; അതില്‍ വേണ്ട തിരുത്തല്‍ വരുത്തുകയാണ്; പോലിസിനെ കര്‍ശനമായ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന നയം കൊണ്ടുവരികയാണ്. അത് നടപ്പാക്കുകയാണ്.
അതെങ്ങിനെ വേണം?
അതൊക്കെ ഓപ്പറേഷണല്‍ ഡീറ്റെയില്‍സാണ്. വഴിയേ പോകുന്നവര്‍ക്ക് അതില്‍ കാര്യമില്ല എന്ന് തോന്നുന്നു.
***
ഞാന്‍ ഈ എഴുതിയതില്‍ മുക്കാലും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. ഇതും പറഞ്ഞിട്ടുള്ളതാണ്: സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമൊക്കെയിരിക്കുന്ന ഓരോരുത്തരും തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടും പ്രതിബദ്ധതത കൊണ്ട് അവിടെയെത്തിയവരാണ്; ആരുടെയും ആനുകൂല്യം കൊണ്ടെത്തിയവരല്ല.
അവരോടാണ്.
ഈ പാര്‍ട്ടിയും ഈ മുന്നണിയും നിലനില്‍ക്കേണ്ടത് പാര്‍ട്ടിയുടേയോ പാര്‍ട്ടിക്കാരുടെയോ മുന്നണിയുടെയോ മാത്രം ആവശ്യമല്ല; ഇവിടത്തെ സാധാരണക്കാരും പാവപ്പെട്ടവരും ഇടത്തരക്കാരുമായ ബഹുഭൂരിപക്ഷം വരുന്ന ആളുകളുടെ ആവശ്യമാണ്.
അവരെ മനസിലാക്കാന്‍ നിങ്ങള്‍ക്കുത്തരവാദിത്തമുണ്ട്.
ഒരു ബ്രാഞ്ചിലെങ്കിലും സമ്മേളനത്തിന് പ്രതിനിധികളാരും എത്തിയില്ല എന്നൊരു വാര്‍ത്തകണ്ടു.
അത്തരം കൂടുതല്‍ വാര്‍ത്തകള്‍ താങ്ങാനുള്ള ലക്ഷ്വറി കേരളത്തിനില്ല.
സി പി എം അതോര്‍ക്കണം.
സി പി എം നേതാക്കളും അതോര്‍ക്കണം.