സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് ഒരു രൂപ പോലും നല്‍കിയില്ലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍, കിട്ടേണ്ടത് 328 കോടി രൂപ, യുപിക്ക് നല്‍കിയത് 4,487 കോടി രൂപ


കഴിഞ്ഞ വര്‍ഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാല്‍ ഇതില്‍ നിന്നും കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല.
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നത് തുറന്നുകാട്ടി സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. സമഗ്രശിക്ഷാ പദ്ധതി പ്രകാരം അനുവദിച്ച തുകയെ കുറിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഒരു രൂപ പോലും കേരളത്തിന് നല്‍കിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാല്‍ ഇതില്‍ നിന്നും കേരളത്തിന് ഒരു രൂപ പോലും നല്‍കിയിട്ടില്ല. കേരളത്തെ പോലെ തന്നെ ഒരു രൂപ പോലും ലഭിക്കാതെ അവഗണന നേരിട്ടിരിക്കുകയാണ് തമിഴ്‌നാടും പശ്ചിമബംഗാളുമെന്ന് ബ്രിട്ടാസ് പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം 1.60 ലക്ഷം കോടി രൂപയായിരുന്നു സമഗ്രശിക്ഷ പദ്ധതിയുടെ അടങ്കല്‍ തുക. 2024-25ല്‍ 37,000 കോടി രൂപയായിരുന്നു സമഗ്ര ശിക്ഷാ പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. അതില്‍ 27,833 കോടി രൂപ നാളിതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 328.90 കോടി രൂപ, 2151.60 കോടി രൂപ, 1745.80 കോടി രൂപ അനുവദിച്ചിരുന്നവെങ്കിലും ഒരു രൂപ പോലും നല്‍ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ് 4487.46 കോടി രൂപ.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച ഈ കണക്കുകളെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പല പദ്ധതികളിലുമായി കേന്ദ്രം കേരളത്തിന് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്.