ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് പരിശീലനങ്ങള്‍, ചേര്‍ത്തുപിടിച്ച് മുസ്ലീം ലീഗ്, തീവ്രവാദ കൂട്ടായ്മയ്‌ക്കെതിരെ വെളിപ്പെടുത്തല്‍, രൂക്ഷ വിമര്‍ശനവുമയി സിപിഎം


വ്യായാമ പരിശീലനമെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്നത് തീവ്രവാദ ഇടപെടലിനുള്ള മറയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം
കണ്ണൂര്‍: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നെന്ന് ചൂണ്ടിക്കാട്ടുന്ന പി ജയരാജന്റെ പുസ്തകത്തിന് പിന്നാലെ ഇക്കാര്യം ശരിവെച്ചുകൊണ്ട് സിപിഎം നേതാക്കളും പാര്‍ട്ടി യോഗങ്ങളില്‍ സജീവമാകുന്നു. ഏരിയാ സമ്മേളനങ്ങള്‍ നടന്നുവരവെ ഇസ്ലാമിക തീവ്രവാദം പ്രധാനവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ് നേതാക്കളുടെ പ്രസംഗങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലീം ലീഗുമായി ഒരുമിച്ചു ചേരുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് സിപിഎം വിഷയത്തില്‍ കൂടുതല്‍ പ്രചരണവുമായി എത്തുന്നത്.
തളിപ്പറമ്പ് ഏരിയാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി. മോഹനനന്‍ ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ചു. കോഴിക്കോട് ഭാഗങ്ങളില്‍ വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ വഴി ജമാഅത്തെ ഇസ്ലാമി കായിക പരിശീലനം നല്‍കുന്നുണ്ടെന്നും നിരോധിത പോപ്പുലര്‍ ഫ്രണ്ടുകാരാണ് പരിശീലകരായി എത്തുന്നതെന്നും, ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കണ്ണൂരുകാരാണ് എന്നും അദ്ദേഹം ആരോപിച്ചു.
വ്യായാമ പരിശീലനമെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്നത് തീവ്രവാദ ഇടപെടലിനുള്ള മറയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ജിം ഉള്‍പ്പെടെ പൊതുസ്ഥലത്തുള്ള വ്യായാമത്തിന് ഫീസ് ഈടാക്കുന്നില്ല. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ നിലപാടുകള്‍ക്ക് മറയിടാനാണ് ഇത്തരം കൂട്ടായ്മകള്‍. അതിനായി കൂട്ടുപിടിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിനേയാണെന്നും മോഹനന്‍ ആരോപിച്ചു.

പി ജയരാജന്റെ പുസ്തകത്തില്‍ പിഡിപി ഉള്‍പ്പെടെയുള്ള മുസ്ലീം കേന്ദ്രീകൃത സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്ത് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഈ സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് മുസ്ലീം ലീഗ് രംഗത്തെത്തുകയും ചെയ്തു. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തിയവരാണ് മുസ്ലീം ലീഗ്. അതേ ലീഗുകാരാണ് ഇപ്പോള്‍ അവരുടെ വോട്ടുകള്‍ക്കുവേണ്ടി ഒപ്പം കൂട്ടുന്നതെന്ന് സിപിഎം ആരോപിക്കുന്നു.
പാര്‍ട്ടിക്കെതിരായ ചില തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്മയ്‌ക്കെതിരെ വ്യാപകമായ പ്രചരണം നടത്താനാണ് സിപിഎം തീരുമാനം. ന്യൂനപക്ഷ പ്രീണനമെന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാത്ത വിഭാഗത്തെ തിരികെ കൊണ്ടുവരികകൂടി ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും സിപിഎമ്മിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടമായതോടെയാണ് തീവ്രവാദ സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയുമെല്ലാം പരസ്യമായി അനുകൂലിക്കുകയും പിന്തുണ തേടുകയും ചെയ്തത് യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. പ്രത്യേകിച്ചും മധ്യ, തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസിന് ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകള്‍ കുറയാന്‍ ഇത് കാരണമായെന്ന് വിലയിരുത്തലുകളുണ്ടായി. ഇതേതുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. അന്ന് ഒഴിവാക്കിയ അതേ സഖ്യത്തെയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവെച്ച് യുഡിഎഫ് കൂടെ കൂട്ടുന്നതെന്നാണ് ആക്ഷേപം.
മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ തീവ്രവാദ സംഘടനകളെ ഒരുമിപ്പിക്കുകയാണെന്ന് സിപിഎം നേതാവ് മോഹനന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലും ഭരണം കിട്ടില്ല എന്ന തിരിച്ചറിവാണ് ലീഗിന് സിപിഎമ്മിനോട് ഇത്ര ദേഷ്യമുണ്ടാകാന്‍ കാരണം. സമ്പന്ന വര്‍ഗത്തിനു വേണ്ടി നിലകൊള്ളുന്ന ലീഗിന് ഭരണമില്ലാതെ നിലനില്‍ക്കാനാകില്ല.
മത രാഷ്ട്രവാദികളോടും തീവ്രവാദികളോടും കൂട്ടുകൂടി മുസ്‌ലിം ജനവിഭാഗത്തെ ഏകോപിച്ച് കോണ്‍ഗ്രസിന്റെ ആലയില്‍ തളയ്ക്കാനാണ് ലീഗ് ശ്രമം തുടങ്ങിയത്. ആര്‍എസ്എസ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം വന്നാലും ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യമിടുന്ന പാക്കിസ്ഥാന്‍ പോലെയുള്ള ഇസ്‌ലാമിക രാഷ്ട്രം വന്നാലും ഇന്ത്യയിലെ ഒരു മതവും സംരക്ഷിക്കപ്പെടില്ല. മറിച്ച് ഇവിടെയുള്ള വര്‍ഗീയതയ്ക്കാണ് സംരക്ഷണം കിട്ടുക. രണ്ട് വര്‍ഗീയ ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കണം. ഏതു തരത്തിലുള്ള പ്രചരണവും ചിന്താ ശക്തിയുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്നും എന്നാല്‍ മാത്രമേ മത രാഷ്ട്ര വാദങ്ങളെ തകര്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും തളിപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ പി മോഹനന്‍ പറഞ്ഞു.