പ്രിയങ്ക ഗാന്ധിയുടെ സാരിയെ വര്‍ണിക്കുന്ന അതേ മാധ്യമങ്ങള്‍ പിപി ദിവ്യയെ വേട്ടയാടുന്നു, എന്തുതരം മാധ്യമപ്രവര്‍ത്തനമാണിത്, ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയോ..?
ദിവ്യയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് അവരെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള നീക്കമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു
ബിജു. കെ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിപി ദിവ്യയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍വെച്ച് അഴിമതി ആരോപണം ഉന്നയിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നാണ് പോലീസ് കേസ്. എന്നാല്‍, ജില്ലാ കളക്ടറുടെ മൊഴിയോടെ ആത്മഹത്യയുടെ കാരണങ്ങള്‍ സംശയാപ്ദമായി തുടരുകയാണ്.

എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ദിവ്യയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും വ്യാപകമായ പ്രതിഷേധം ആരംഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ ആയുധമെന്ന നിലയ്ക്ക് ഇത് മുതലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുക സ്വാഭാവികമാണ്. അതോടൊപ്പം മുഖ്യധാരാ മാധ്യമങ്ങളെല്ലാം ദിവ്യയെ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഭൂരിപക്ഷം ചാനലുകളും എല്ലാ ദിവസവും മണിക്കൂറുകളോളം ദിവ്യയ്‌ക്കെതിരായ വാര്‍ത്തകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയപ്പോള്‍ പത്രമാധ്യമങ്ങള്‍ ദിവസം നാലു പേജുകളിലധികം ഇതിനായി മാറ്റിവെച്ചു.

ദിവ്യയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് അവരെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള നീക്കമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഒരു വേദിയില്‍വെച്ച് അഴിമതി ആരോപണം ഉന്നയിക്കുക മാത്രമാണ് ദിവ്യ ചെയ്തത്. പക്വതയുള്ള രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അവര്‍ തെരഞ്ഞെടുത്ത വേദിയെക്കുറിച്ച് മാത്രമാണ് പലര്‍ക്കും അഭിപ്രായവ്യത്യാസം എന്നിരിക്കെ ഒരു വനിതാ നേതാവിനെതിരെ കടിച്ചുകീറുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം നിലവാരമില്ലാത്തതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവര്‍ത്തനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ദിവ്യയ്‌ക്കെതിരായ മാധ്യമ ആക്രമണത്തെ ശക്തമായി വിമര്‍ശിച്ചു. ദാവൂദ് ഇബ്രാഹിമിനേക്കാള്‍ കടുത്ത കുറ്റവാളിയോടെന്നപോലെയാണ് ദിവ്യയോട് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് ബ്രിട്ടാസ് ഒരു അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ സാരിയുടെ വര്‍ണന നടത്തുന്ന അതേ മാധ്യമങ്ങളാണ് മറ്റൊരു വനിതാ നേതാവിനോട് ഈ രീതിയില്‍ ഇടപെടുന്നത്.
ദിവ്യ ഉയര്‍ത്തിയ ആരോപണത്തില്‍, അവര്‍ അതുന്നയിച്ച വേദിയുടെ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ അവരെ നീതിപീഠം ശിക്ഷിക്കട്ടെ. അതല്ലാതെ എസ്എഫ്‌ഐയിലൂടേയും ഡിവൈഎഫ്‌ഐയിലൂടേയും വളര്‍ന്നുവന്ന കരുത്തുറ്റ ഒരു നേതാവിനെ ഈ രീതിയില്‍ ആക്രമിക്കുന്നത് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമല്ല. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നെങ്കില്‍ ഇതുപോലെ ആക്രമണം നേരിടേണ്ടിവരുമായിരുന്നോ എന്നും ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.

എഡിഎം നവീന്‍ ആത്മഹത്യ ചെയ്തത് ദിവ്യയുടെ ആരോപണത്തിന് പിന്നാലെയാണ്. അദ്ദേഹം ആത്മഹത്യ ചെയ്തത് തെറ്റുചെയ്‌തെന്നെ കുറ്റബോധം കൊണ്ടാണോ എന്നൊരു മറുവശംകൂടി ഈ സംഭവത്തിലുണ്ട്. ഇത് ശരിവെക്കുന്ന തരത്തില്‍ കളക്ടറുടെ മൊഴിയും പുറത്തുവന്നു. എന്നാല്‍, കളക്ടര്‍ കള്ളംപറയുന്നയാളും ദിവ്യ കുറ്റവാളിയായും മാത്രമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.

സിപിഎം നേതാക്കള്‍ക്കെതിരായ വാര്‍ത്തകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ വാര്‍ത്തകളും രണ്ടുരീതിയിലാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് സിപിഎമ്മിന്റെ ഏറെനാളായുള്ള ആരോപണമാണ്. ഇത് ശരിവെക്കുന്ന രീതിയിലാണ് ദിവ്യയ്‌ക്കെതിരായ ഏകപക്ഷീയമായ ആക്രമണവും. സിപിഎം പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഒരു സംഭവത്തിന്റെ മറുവശം മനപൂര്‍വം മറച്ചുപിടിച്ചുകൊണ്ടുള്ള വാര്‍ത്താ ആക്രമണം ആ പാര്‍ട്ടിയെ റദ്ദ് ചെയ്യുന്ന രീതിയിലാകരുതെന്നാണ് ബ്രിട്ടാസും ചൂണ്ടിക്കാട്ടുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. രാഷ്ട്രീയജീവിതം ഇല്ലാതാക്കാന്‍ മനപൂര്‍വമായുള്ള വേട്ടയാടല്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനുതന്നെ നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

.jpg)

