പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: കണ്ണൂരിൽ പണം പോയി പെരുവഴിയിലായത് പാവങ്ങളായ സ്ത്രീകൾ


കണ്ണൂർ: കണ്ണൂരിൽ പകുതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കൂടുങ്ങിയത് ആയിരക്കണക്കിന് സാധാരണ സ്ത്രീകൾ. അന്നന്ന് പണിയെടുത്തു ജീവിക്കുന്നവരാണ് അനന്തു കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സി.എസ്.ആർ ഫണ്ട് തട്ടിപ്പിന് ഇരയായത്. ലോട്ടറി തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങി സാധാരണക്കാരായ വീട്ടമ്മമാർ വരെ പകുതി വിലയ്ക്കു സ്കൂട്ടറിനും തയ്യൽ മെഷീനും വാട്ടർ ടാങ്കിനുമൊക്കെയായി പണം അടച്ചു കാത്തുനിന്നു.
എന്നാൽ നവംബർ മാസത്തിൽ പണമടച്ചവർക്ക് ഫെബ്രുവരിയായിട്ടും സാധനങ്ങൾ കിട്ടാതെയായപ്പോഴാണ് ഇവർ പരാതിയുമായി കൂട്ടത്തോടെ പൊലിസ് സ്റ്റേഷനിലെത്തിയത്. കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരമാണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പകുതി വിലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചു ജീവിതം മെച്ചപ്പെടുത്താനുള്ള സാധനങ്ങൾ നൽകുന്നതെന്നാണ് സീഡ് സൊസെറ്റി പ്രൊജക്റ്റ് കൺവീനറായ അനന്തു കൃഷ്ണൻ പറഞ്ഞിരുന്നത്. ഇതിനായി പ്രാദേശിക തലത്തിൽ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ഉദ്ഘാടകരായി ക്ഷണിച്ചു പരിപാടികൾ നടത്തുകയും ചെയ്തു.
തുടക്കത്തിൽ പല ജില്ലകളിലും അതിവേഗം ഇരുചക്ര വാഹനങ്ങളും മറ്റു സാധനങ്ങളും നൽകിയതോടെ ജനവിശ്വാസം ആർജ്ജിക്കുകയും ചെയ്തു. ഇതിനു ശേഷം പഞ്ചായത്ത് തലത്തിൽ സൊസൈറ്റിയുണ്ടാക്കി പ്രമോട്ടർമാർ വഴി പണം ശേഖരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 2000ലേറെ സ്ത്രീകളെയാണ് ഇങ്ങനെ പദ്ധതിയിൽ അംഗങ്ങളാക്കിയത്. പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു പണസമാഹരണം. മൂന്ന് അക്കൗണ്ടുകളിലായാണ് പണം സ്വീകരിച്ചത്.

കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍, ചക്കരക്കൽ ധർമ്മടം കുത്തുപറമ്പ് സ്റ്റേഷൻ പരിധികളിലായിരുന്നു വ്യാപക ധന സമാഹരണം. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു വാഗ്ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു. തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ആദ്യം ചിലര്‍ക്ക് ലഭിച്ചതിൻ്റെ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് വ്യാപകമാക്കിയത്.
കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്‍ കണ്ണൂരിൽ നിന്നു മാത്രം സമാഹരിച്ചത് 350 കോടി രൂപയാണ്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കര്‍ണാടകം എന്നിവടങ്ങളില്‍ ഇയാൾ സ്ഥലം വാങ്ങിയിട്ടുണ്ട്. തട്ടിപ്പു പുറത്ത് വന്നതോടെ കണ്ണൂരിലെ ഓഫിസ് ടൗൺ പൊലിസ് പൂട്ടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് താഴിട്ടു പൂട്ടിയത്. 60,000 മുതൽ അയ്യായിരം രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്. ഇടപാടുകാരുടെ രോഷം ഭയന്ന് പ്രമോട്ടർമാരും മുങ്ങിയിരിക്കുകയാണ്. താൽക്കാലിക പ്രതിസന്ധി മറികടന്നാൽ എല്ലാവരുടെയും പണം തിരികെ നൽകുമെന്നാണ് സൊസൈറ്റി അധികൃതർ.
കണ്ണൂർ ജില്ലയെ ഞെട്ടിച്ച അർബൻ നിധി തട്ടിപ്പ് നടന്നിട്ട് രണ്ടു വർഷം തികയുന്നതിനിടെയാണ് വീണ്ടുമൊരു സാമ്പത്തിക കുംഭകോണത്തിൽ നിക്ഷേപകർ ചെന്നുചാടുന്നത്. നേരത്തെ ഹൈ റിച്ച് പോലുള്ള ചില മൾട്ടി ലെവൽ ഓൺലൈൻ പ്ളാറ്റ്ഫോം കമ്പിനികൾ വ്യാപകമായ തട്ടിപ്പുകൾ കണ്ണൂർ കേന്ദ്രീകരിച്ചു നടത്തിയിരുന്നു. ഇതിലൂടെ കോടികളാണ് ഇവർ നിക്ഷേപകരിൽ നിന്നും കടത്തിയത്. കർഷകരെയും തൊഴിലാളികളെയും വഞ്ചിച്ചു കൊണ്ടു കോടികളുമായി കടന്നു കളഞ്ഞ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് രാഹുൽ ചക്രപാണിയുടെ റോയൽ ട്രാവൻകൂർ കേസുകളുടെ നൂലാമാലയിൽപ്പെട്ടു രാഹുൽ ചക്രവാണി ഇപ്പോഴും ജയിലിലാണ്.