പാതി വിലയ്ക്ക് സ്‌കൂട്ടര്‍, അനന്തുവിന്റെ തട്ടിപ്പ് 1,000 കോടിയിലേറെ രൂപ, ഒറ്റ അക്കൗണ്ടിലെത്തിയത് 400 കോടി രൂപ, അന്വേഷണം ബിജെപി നേതാക്കളിലേക്ക്, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനും പങ്കെന്ന് സൂചന

lali vincent anandu krishnan
lali vincent anandu krishnan

പോലീസ് പിടിയിലായ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെതിരെ എല്ലാ ജില്ലകളിലും പരാതി പ്രവാഹമാണ്. സംസ്ഥാനത്ത് ഇതുവരെ 21കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞുപറ്റിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയതോടെ 1,000 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് റിപ്പോര്‍ട്ട്. പോലീസ് പിടിയിലായ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെതിരെ എല്ലാ ജില്ലകളിലും പരാതി പ്രവാഹമാണ്. സംസ്ഥാനത്ത് ഇതുവരെ 21കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അനന്തുവിന്റെ ഒരു അക്കൗണ്ടിലേക്ക് മാത്രം 400 കോടിയിലേറെ രൂപയാണ് എത്തിയത്. പണം കൊണ്ട് ഇയാള്‍ സ്ഥലവും വീടുകളും വാങ്ങിക്കൂട്ടി. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ചിലര്‍ക്കു മാത്രം സ്‌കൂട്ടര്‍ നല്‍കി ഇക്കാര്യം പ്രചരിപ്പിച്ചാണ് കൂടുതല്‍പേരേയും വലയില്‍ വീഴ്ത്തിയത്.

പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളില്‍ നിന്നും പോലീസ് വിവരങ്ങള്‍ അന്വേഷിക്കുകയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അനന്തുവിന്റെ സുഹൃത്തും പദ്ധതിയുമായി സഹകരിച്ചയാളുമാണ്. അനന്തുവിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകരിലൊരാളായിരുന്നു രാധാകൃഷ്ണനെന്ന് ഫ്‌ളാറ്റിലെ ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കള്‍ വഴിയും ആയിരക്കണക്കിന് സ്ത്രീകളില്‍ നിന്നും അനന്തു പണം വാങ്ങിയിട്ടുണ്ട്.

അനന്തുകൃഷ്ണന്‍ കോഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷന്‍ (സൈന്‍) സംഘടനയും ചേര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനും കേസില്‍ പങ്കുണ്ടെന്നാണ് വിവരം. പോലീസ് ലാലിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ പ്രതിയായതോടെ അനന്തുവിനെ ന്യായീകരിച്ച് ലാലി രംഗത്തെത്തി. നിയമസഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ലാലിയുടെ പ്രതികരണം. അനന്തു തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ലാലി പറയുന്നു.

ബ്ലോക്ക് അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് മാത്രം 11 സൊസൈറ്റികള്‍ രൂപീകരിച്ച് ആറുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു. സംസ്ഥാനത്ത് 75-ല്‍ അധികം ബ്ലോക്കുകളില്‍ സൊസൈറ്റി രൂപീകരിച്ച് അതില്‍ ആളുകളെ അംഗങ്ങളാക്കി പണം വാങ്ങി. സ്‌കൂട്ടറിന് പുറമെ സോളാര്‍ പാനലുകള്‍, ലാപ്ടോപ്പ്, രാസവളം, തയ്യല്‍ മെഷീന്‍ എന്നിവയും പകുതി വിലയ്ക്ക് നല്‍കിയിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളാണ് തട്ടിപ്പില്‍ കുടുങ്ങിയവരിലേറേയും.

1,20,000 രൂപ വിലയുള്ള സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തില്‍ വാര്‍ഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവര്‍ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനില്‍ തയ്യല്‍ ക്ലസ്റ്റര്‍ തുടങ്ങിയിരുന്നു. കണ്ണൂര്‍ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്‌കൂള്‍ കിറ്റ് വിതരണവും നടത്തി.

2019-ല്‍ ഇടുക്കിയില്‍ തട്ടിപ്പ് കേസില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് പല ഉന്നതരേയും ഇയാള്‍ തട്ടിപ്പിന് ഇരയാക്കി. കോടികള്‍ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.

 

Tags