ഒരക്ഷരം മിണ്ടാതെ മമ്മൂട്ടിയും മോഹന്‍ലാലും, വാട്‌സ്ആപ്പ് ചാനലും അടച്ചിട്ടു, വെളിപ്പെടുത്തല്‍ ഭയന്നോ? മടിയില്‍ കനമുണ്ടെന്ന് ആരാധകര്‍


കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങളായിട്ടും ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാതെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ മൗനം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. സിനിമാ മേഖലയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും അതേതുടര്‍ന്നുണ്ടായ രാജി പ്രഖ്യാപനങ്ങളുമെല്ലാം വാര്‍ത്താലോകത്ത് നിറഞ്ഞുനില്‍ക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള നടന്മാര്‍ മിണ്ടാതിരിക്കുന്നത് ദുരൂഹമാണ്.
രണ്ട് നടന്മാരുടേയും വാട്‌സ്ആപ്പ് ചാനലും, റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം നിശ്ചലമാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടൊന്നും പ്രതികരിക്കാന്‍ ഇരുവരും തയ്യാറാകുന്നില്ല. സിനിമാ മേഖലയിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഭയക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം.
മമ്മൂട്ടി നായകനായ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ ശ്രീലേഖ മിത്രയെ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചു എന്ന ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചും പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായില്ലെന്നതാണ് കൗതുകകരം.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരേയും ലൈംഗിക ആരോപണം ഉയര്‍ന്നു. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഒരു പ്രസ്താവനകൊണ്ടുപോലും പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല. മോഹന്‍ലാലിന്റെ മൗനത്തിനെതിരെ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ കൂടുതല്‍ സിനിമാ നടന്മാര്‍ പ്രതിക്കൂട്ടിലായേക്കും. വെളിപ്പെടുത്തല്‍ ഭയന്നാണോ സൂപ്പര്‍താരങ്ങളും യുവ നടന്മാരുമെല്ലാം മിണ്ടാതിരിക്കുന്നതെന്ന് ആരാധകര്‍ ആവര്‍ത്തിച്ച് ചോദിക്കുകയാണ്. സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണവും ജോലി ഭീഷണിയും തടയിടാതെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരായി മാറി മലയാളത്തിലെ പ്രമുഖ നടന്മാര്‍.