മദ്യപിച്ചെത്തി വാതിലില്‍ മുട്ടി, തുറന്നപ്പോള്‍ ചാടി അകത്തുകയറി കുറ്റിയിട്ടു, അലന്‍സിയറുടെ കോപ്രായങ്ങള്‍ ഇങ്ങനെ
കൊച്ചി: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ടില്‍ ആണധികാരത്തിന്റെ മേല്‍ക്കോയ്മയും ലൈംഗിക പീഡനങ്ങളും വ്യക്തമാക്കുന്നുണ്ട്.
സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുമെന്ന് മൊഴിനല്‍കിയ പല നടിമാരും ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അധിക്ഷേപത്തിന് ഇരയാകും. സിനിമാ രംഗത്തെ അണിയറക്കഥകള്‍ പുറത്തുവരുമ്പോള്‍ തന്നെ ഇക്കാര്യം പല നടിമാരും നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണെന്നുകാണാം. പ്രത്യേകിച്ചും മീടൂ മൂവ്‌മെന്റ് ഒട്ടേറെ വമ്പന്മാരുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടുന്നതായി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയാണെന്ന് തെളിയിക്കുന്നതാണ് തുറന്നുപറച്ചില്‍.
വേറിട്ട അഭിനയശേഷികൊണ്ടും സിനിമയ്ക്ക് പുറത്തെ നിലപാടുകൊണ്ടും ശ്രദ്ധേയനായ നടന്‍ അലന്‍സിയറും മീടൂ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. നടി ദിവ്യ ഗോപിനാഥിന്റെ മുറിയില്‍ മദ്യപിച്ച് കയറിച്ചെല്ലുകയും അകത്തുനിന്നും കുറ്റിയിടുകയും ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടറാണ് പിന്നീടിയാളെ പുറത്തേക്ക് കൊണ്ടുപോയത്. സംഭവം ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അലന്‍സയര്‍ മാപ്പു പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ തന്റെ നെഞ്ചത്തായിരുന്നു എന്ന് നടി അന്ന് പറയുകയുണ്ടായി. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ആര്‍ത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമില്‍ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.അലന്‍സിയര്‍ ഡോറില്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി.
അടുത്ത ദിവസം രാവിലെ എന്റെ റൂമിന്റെ വാതിലില്‍ വീണ്ടും അയാള്‍ മുട്ടി. അന്ന് എന്റെ കൂടി ഒരു സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്റൂമില്‍ കയറി.
എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. കുറച്ച് നേരം കൂടി കിടക്കൂ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി. ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാമെന്നും ദിവ്യ അന്ന് പറഞ്ഞിരുന്നു.
നടന്മാരുടേയും സിനിമാ മേഖലയിലുള്ളവരുടേയും അതിക്രമങ്ങള്‍ തുറന്നുപറയുന്നവര്‍ക്ക് പിന്നീട് സിനിമകളില്‍ അവസരമില്ലാതാവുകയാണ് പതിവ്. ഇവര്‍ക്കെതിരെ നിയമനടപടിക്ക് മുതിര്‍ന്നാല്‍ സോഷ്യല്‍ മീഡിയവഴി നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കും. സിനിമ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ കാണുന്നവര്‍ക്ക് പലതും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോവുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സിനിമാനയം രൂപീകരിക്കുകയും പരാതിപ്പെടാന്‍ വേദിയൊരുക്കുകയും ചെയ്താല്‍ അതിക്രമങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.