ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറക്കാതെ കേന്ദ്രം, റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സഹസ്രകോടികളുടെ ലാഭം


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് അസംസ്‌കൃത എണ്ണ വിലയില്‍ 20 ശതമാനം ഇടിവിന് കാരണമായത്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നു. റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സഹസ്രകോടികളുടെ ലാഭമാണ് ഇതിലൂടെ നേടുന്നത്.
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളറാണ് വില. ക്രൂഡ്ഓയില്‍ വില 66-67 ഡോളര്‍ വരെയായി കുറഞ്ഞ അവസരങ്ങളും അടുത്തകാലത്തുണ്ടായി. ഒരോ തവണ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുമ്പോഴും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാമെന്നിരിക്കെ കൊള്ളലാഭം കൊയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ എണ്ണവില കുറയ്ക്കാത്തതിന്റെ പ്രധാന നേട്ടം മുകേഷ് അംബാനിയുടെ റിലന്‍സിനും ലഭിക്കും.
മിക്ക സംസ്ഥാനത്തും പെട്രോളിന് ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് വില. ഇന്ധവില ഉയര്‍ന്നു നില്‍ക്കുന്നത് രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാക്കിയിരിക്കുകാണ്. ഇന്ധനവില മൂന്ന് രൂപവരെയെങ്കിലും കുറയ്ക്കാന്‍ അവസരമുണ്ടായിട്ടും മോദിസര്‍ക്കാര്‍ ഇടപെട്ടില്ല.

ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്റര്‍ 15 രൂപ വരെയും ഡീസലിന് 12 രൂപ വരെയും ലാഭം കൊയ്യുന്നുവെന്നാണ് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സി (ഐസിആര്‍എ) അഞ്ചുമാസം മുമ്പ് വെളിപ്പെടുത്തിയത്. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭത്തില്‍ സിംഹഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് എത്തിയിട്ടും രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറയ്ക്കാന്‍ മോദിസര്‍ക്കാര്‍ ഇടപെടുന്നില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയെങ്കിലും കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവസരമുണ്ടെന്നാണ് ഐസിആര്‍എ വിലയിരുത്തല്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് അസംസ്‌കൃത എണ്ണ വിലയില്‍ ഇപ്പോള്‍ 20 ശതമാനം ഇടിവിന് കാരണമായത്. പ്രധാന എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്കാണ് ഇതിന്റെ നേട്ടം. വിദേശ നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിക്കുന്ന സമയത്ത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ക്രൂഡ് വില കുറയുന്നത് സഹായിക്കും.