കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസ ശ്രമങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു

Kerala's largest rehabilitation efforts kick off in Wayanad
Kerala's largest rehabilitation efforts kick off in Wayanad

കൊച്ചി: കേരള സര്‍ക്കാര്‍ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ പ്രസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന വയനാട്ടിലെ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചു. 298 പേരുടെ ജീവനെടുക്കുകയും ആയിരങ്ങളെ ബാധിക്കുകയും ചെയ്ത 2024 ജൂലൈ 30-ലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട കുടുംബങ്ങളുടെ ജീവിതം പുനസ്ഥാപിക്കാനുള്ള മഹത്തായ ശ്രമങ്ങള്‍ക്കാണ് വയനാട്ടിൽ തുടക്കമാകുന്നത്. കല്‍പറ്റയില്‍ 64 ഹെക്ടറിലായാണ് പദ്ധതി. ഇവിടെ ആധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഷിപില്‍ ഗുണഭോക്താക്കള്‍ക്ക് ഏഴു സെന്‍റു വീതമുള്ള ഭൂമിയില്‍ ആയിരം ചതുരശ്ര അടിയിലുള്ള രണ്ടു കിടപ്പു മുറികള്‍ വീതമുളള വീടുകളാണ് നൽകുന്നത്.

കല്‍പറ്റ ബൈപാസിനു സമീപം എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍  നടത്തിയ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്കു തറക്കല്ലിട്ടു. റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജന്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സൗഹാര്‍ദ്ദവും സ്വയം പര്യാപ്‌തവുമായ ഈ ടൗണ്‍ഷിപില്‍ വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ പരിചരണ സംവിധാനം, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാമായി കുടുംബങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കും.

കേരളത്തിന്‍റെ പ്രതിരോധത്തിന്‍റേയും ഐക്യത്തിന്‍റേയും സാക്ഷ്യപത്രമായി വയനാട് പുനരധിവാസം ഉയര്‍ന്നു നില്‍ക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ കൂട്ടായ, അചഞ്ചലമായ പ്രവര്‍ത്തനങ്ങള്‍ വഴി അസാധ്യമെന്ന് തോന്നിച്ചവയെ മറികടന്ന് ഒരു പ്രകൃതി ദുരന്തത്തിനും തങ്ങളെ തകര്‍ക്കാനാവില്ലെന്നു തെളിയിച്ചിരിക്കുകയാണ്.  നാം യോജിച്ചു നില്‍ക്കുമ്പോള്‍ ഒന്നും നമ്മുടെ കൈപ്പിടിക്കപ്പുറമല്ലെന്ന് ഈ ദൗത്യം നമ്മെ ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ നൽകാൻ ജനങ്ങളെ സഹായിക്കന്ന വിധത്തില്‍ wayanadtownship.kerala.gov.in എന്ന പോര്‍ട്ടലും മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ഒപ്പം എന്നും തങ്ങള്‍ ശക്തമായി നിര്‍ക്കുകയായിരുന്നു എന്നും ദുരന്തമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ അടുത്തുള്ള സൈറ്റിലുണ്ടായിരുന്ന തങ്ങളുടെ ടീം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ എത്തിയിരുന്നുവെന്നും യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഇവിടെ തങ്ങള്‍ കേവലം നിര്‍മാതാക്കള്‍ മാത്രമല്ല, ആദ്യ പ്രതികരണം നടത്തിയവരുമാണ് ഈ സമൂഹത്തിന് ആവശ്യമുള്ള വേളയില്‍ അവരോട് തോളോടു തോള്‍ നിന്ന് പിന്തുണ നല്‍കുകയായിരുന്നു.  തങ്ങളുടെ പ്രതിബദ്ധതയുടെ ഒരു വിപുലീകരണമാണ് ഈ പുനരുദ്ധാരണ പദ്ധതി.  വീടുകള്‍ നിര്‍മിക്കുക മാത്രമല്ല ചെയ്യുന്നത്. പ്രതീക്ഷകളും അഭിമാനവും കൂടെച്ചേര്‍ക്കുന്നതിന്‍റെ അനുഭൂതി പുനസ്ഥാപിക്കുക കൂടിയാണ്. യുഎല്‍സിസിഎസ് അതിന്‍റെ നൂറാം വര്‍ഷത്തില്‍ എത്തിയ വേളയില്‍ കേരളത്തെ സേവിക്കാനുള്ള അഭിമാനകരമായൊരു അവസരമായി തങ്ങള്‍ ഇതിനെ കാണുന്നു. ഓരോ കുടുംബത്തിനും ഒരു പുതിയ തുടക്കം കുറിക്കാന്‍ ഇത് അവസരം നല്‍കും.  നിര്‍മാണത്തിനും അപ്പുറത്തേക്കു പോകുന്ന തങ്ങളുടെ പ്രതിബദ്ധത ജീവിതങ്ങള്‍ പുനസൃഷ്ടിക്കാനും സമൂഹത്തിന്‍റെ ഭാവി ശക്തമാക്കാനുമാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മൂല്യങ്ങളെ  അതിന്‍റെ അന്തസത്ത പാലിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന യുഎല്‍സിസിഎസ് ഈ പദ്ധതി ലാഭത്തിനായല്ല ഏറ്റെടുക്കുന്നത്. ഇവിടെ ജീവിതം പുനസ്ഥാപിക്കാനും പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ത്താനുമായി ഓരോ വിഭവങ്ങളും പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കും.പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍  കേളു, രജിസ്ട്രേഷന്‍, പുരാവസ്തു, റെക്കോര്‍ഡ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുമരാമത്ത്, വിനോദ സഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ് എംഎല്‍എ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവര്‍ ചടങ്ങില്‍  പ്രത്യേക അതിഥികളായി.

വീടുകള്‍ നിര്‍മിക്കുന്നതിനും അപ്പുറത്തേക്കു പോയി സമഗ്ര ക്ഷേമത്തിനെ പിന്തുണക്കുന്നതാണ് ഈ ടൗണ്‍ഷിപ്. ലബോറട്ടി, ഫാര്‍മസി, പരിശോധനാ, നിരീക്ഷണ മുറികള്‍, മൈനര്‍ ഓപറേഷന്‍ തീയ്യറ്റര്‍, ഒപി ടിക്കറ്റ് കൗണ്ടര്‍  തുടങ്ങിയവയുള്ള പൂര്‍ണ സൗകര്യമുള്ള ആരോഗ്യ കേന്ദ്രം വഴി ഇവിടെ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കും. ആധുനിക അംഗന്‍വാടിയില്‍ കളിക്കുവാനുള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സംവിധാനം, സാധനങ്ങള്‍ ശേഖരിക്കാനുള്ള ഇടം, അടുക്കള തുടങ്ങിയവ ഉണ്ടാകും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപണ്‍ മാര്‍ക്കറ്റ് സ്ഥലം, കുട്ടികള്‍ക്കായുള്ള കളി  സ്ഥലം, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. കമ്യൂണിറ്റി സെന്‍ററില്‍ സാമൂഹ്യ, സാംസ്ക്കാരിക ജീവിതം ഊര്‍ജ്ജസ്വലമാക്കാനുള്ള സൗകര്യങ്ങളുണ്ടാകും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്പോര്‍ട്ട്സ് ക്ലബ്ബ്, പ്ലേ ഗ്രൗണ്ട്, ഓപണ്‍ എയര്‍ തീയ്യറ്റര്‍ തുടങ്ങിയവയും ഇവിടെയുണ്ടാകും.

Tags

News Hub