സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

heavy-rain
heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അതേസമയം സംസ്ഥാനത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വേനല്‍ മഴയില്‍ ഏപ്രിലില്‍ കേരളത്തിലും കര്‍ണാടകയിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. ഏപ്രിലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മൃത്യുഞ്ജയ് മൊഹാപാത്ര മുന്നറിയിപ്പ് നല്‍കി.
 

Tags

News Hub