നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു

Actor and director Manoj Kumar passes away
Actor and director Manoj Kumar passes away

മുംബൈ: നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളും കരള്‍ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ കുറിച്ച് നാളുകളായി അലട്ടിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തി നേടിയത്. ഈ സിനിമകള്‍ ഭാരത് കുമാര്‍ എന്ന പേരും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഉപ്കാര്‍, ഷഹീദ്, പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.

1937-ല്‍ അബോട്ടാബാദിലാണ് (പാകിസ്താന്‍) ജനനം. യഥാര്‍ഥ പേര് ഹരികൃഷ്ണന്‍ ഗോസാമി എന്നായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്ക് കുടിയേറി. ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍നിന്ന് ബിരുദം നേടി. നടന്‍ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നതിനാലാണ് മനോജ് കുമാര്‍ എന്ന പേര് സ്വീകരിച്ചത്.

1957-ലെ ഫാഷന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കാഞ്ച് കി ഗുഡിയ(1961)യിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. രാജ് ഖോസ്ലയുടെ സംവിധാനത്തില്‍ 1964-ല്‍ പുറത്തിറങ്ങിയ വോ കോന്‍ ഥി എന്ന ത്രില്ലര്‍ സിനിമ വന്‍വിജയമായതോടെ രാജ്യമൊട്ടാകെ പ്രശസ്തി നേടി. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഉപ്കാര്‍, ക്ലര്‍ക്ക്, ഷോര്‍, റോട്ടി കപട ഔര്‍ മകാന്‍, കാന്ത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992-ല്‍ പത്മശ്രീയും 2015-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചു.

Tags

News Hub