പിൻകോഡിലെ സാമ്യം; നെടുങ്കണ്ടത്തിന് കത്തയച്ചാൽ ലക്ഷദ്വീപിൽ കിട്ടും


നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റ് ഓഫീസില്‍ എത്തേണ്ട പാഴ്സല്‍, സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ പിന്‍കോഡ് തെറ്റി പോകുന്നത് ലക്ഷദ്വീപിലേക്ക് . പിന്‍കോഡിലെ അക്കങ്ങളുടെ സാമ്യമാണ് വില്ലന്‍. ഇങ്ങനെ ഗുജറാത്തില്‍നിന്നും നെടുങ്കണ്ടത്തെ വ്യാപാരിക്ക് അയച്ച തപാല്‍ ഉരുപ്പടി ലഭിച്ചത് ഒരു മാസത്തിനുശേഷം. നെടുങ്കണ്ടം സബ് പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് 685553 ആണ്. ലക്ഷദ്വീപിലെ അഗത്തി ദ്വീപിന്റെ പിന്‍കോഡ് 682553.
അതായത് രണ്ടും തമ്മില്‍ ഒരു അക്കത്തിന്റെമാത്രം വ്യത്യാസം. പിന്‍കോഡിലെ അവസാനത്തെ ഈ മൂന്ന് അക്കങ്ങളിലെ സാമ്യമാണ് കൊച്ചി തപാല്‍ സോര്‍ട്ടിങ് ഹബ്ബിലെ ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇത് ശ്രദ്ധിക്കാതെ 553 എന്ന അവസാന മൂന്നക്കം കാണുമ്പോള്‍ തന്നെ മറ്റൊന്നും നോക്കാതെ ലക്ഷദ്വീപിലേക്ക് അയയ്ക്കും. പാര്‍സല്‍ ലക്ഷദ്വീപിലെത്തി കഴിയുമ്പോളാകും പ്രശ്നം ശ്രദ്ധയില്‍പ്പെടുക.

ഇങ്ങനെ അടിയന്തരമായി ലഭിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആഴ്ചകള്‍ കഴിഞ്ഞാണ് പലര്‍ക്കും ലഭിച്ചത്. വിഷയം ചൂണ്ടിക്കാട്ടി നെടുങ്കണ്ടത്തെ വ്യാപാരി പോസ്റ്റല്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു. പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാമെന്നും വകുപ്പ് മറുപടിനല്‍കിയെന്നും വ്യാപാരി പറഞ്ഞു.