എഡിജിപി എംആര്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയില്‍


അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
എഡിജിപി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. ഡിസംബര്‍ മാസത്തില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് സമയം ചോദിച്ചിരുന്നു.
അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമോയെന്നതാണ് നിര്‍ണായകം. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടോയെന്നും ഹര്‍ജിക്കാരനോട് കോടതി കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു. പി.വി. അന്‍വര്‍ ഉയര്‍ത്തി ആരോപണങ്ങളുടെ വീഡിയോയാണ് ഹര്‍ജിക്കാരായ നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ കോടതിയില്‍ നല്‍കിയത്.