നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി ; കല്ലറ തുറന്നു പരിശോധിക്കാൻ ഉറച്ച് പൊലീസ്
നെയ്യാറ്റിൻകര : ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ സ്വാമിയുടെ മരണത്തിൽ കല്ലറ തുറന്നു പരിശോധിക്കാനുറച്ച് പൊലീസ്. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ചതിനു ശേഷമാകും കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കൂകയുള്ളൂ. എന്നാൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം ആവർത്തിച്ചു. കുടുബത്തെ മുൻനിർത്തി വിഷയത്തെ വർഗീയ വൽക്കരിക്കാനാണ് സംഘപരിവാർ സംഘടനകളുടെ ശ്രമം.
അതേസമയം കല്ലറ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്. ഇതു സംബന്ധിച്ച നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കും. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലറ പൊളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ് .
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധി ഒരുക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നും മകൻ സനന്ദനൻ പറഞ്ഞു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മക്കളാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ രഞ്ജിത്ത് പറഞ്ഞു.