ഭാര്യക്ക് ചെലവിന് നൽകാതിരിക്കാൻ ഭർത്താവ് മനഃപൂർവം ജോലിക്ക് പോകാതിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല : ഒഡിഷ ഹൈകോടതി

court
court

ഒഡിഷ : ഭാര്യക്ക് ചെലവിന് നൽകാതിരിക്കാൻ ഭർത്താവ് മനഃപൂർവം ജോലിക്ക് പോകാതിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് ഒഡിഷ ഹൈകോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 15000 രൂപ ജീവനാംശം നൽകണമെന്ന ഉത്തരവിനെതിരെ യുവാവ് നൽകിയ ഹർജി തള്ളി‌യാണ് ഹൈക്കോടതി പരാമർശം.

തൊഴിലില്ലാതെയിരിക്കുന്നതും മതിയായ യോ​ഗ്യതകൾ ഉണ്ടായിട്ടും ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ ജോലിക്ക് പോകാതെയിരിക്കുന്നതും രണ്ടാണെന്ന് ജസ്റ്റിസ് ​ഗൗ​രിശങ്കർ സതാപതി മാർച്ച് നാലിന് നടത്തിയ ഉത്തരവിൽ വ്യക്തമാക്കി.

2016 ലാണ് ഹൈസ്കൂൾ അധ്യാപിക കൂടിയായ ഭാര്യ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 11, 12 എന്നിവ പ്രകാരം ജബൽപൂർ കോടതിയിൽ വിവാഹ മോചന കേസ് ഫയൽ ചെയ്യുന്നത്. സുപ്രീംകേോടതി നിർദേശ പ്രകാരം പിന്നീട് നടപടികൾ റൂർക്കേല കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2017ൽ 23,000 രൂപ ശമ്പളം ഉണ്ടായിരുന്ന യുവാവിനോട് കുടുംബ കോടതി പ്രതിമാസം 15000 രൂപ ജീവനാംശം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് താൻ 2023 മാർച്ച് ഒന്നുമ‌ുതൽ തൊഴിൽ രഹിതനാണെന്നും ജീവനാംശം നൽകാൻ കഴിയില്ലെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

എൻജിനീയറിങ് ബിരുദ ധാരിയായ യുവാ‌വ് മുൻപ് ജോലി ചെയ്തിരുന്നതായി ഹൈക്കോടതി കണ്ടെത്തി. തുടർന്നാണ് പരാമർശം. 2024 ലെ കിരൺജ്യോത് മൈനി-അനീഷ് പ്രമോദ് പട്ടേൽ കേസിലെ സുപ്രീകോടതി വിധിയെ ഉദ്ധരിച്ച ഹൈക്കോടതി, ഭർത്താവിന് ജോലി ഇല്ലെങ്കിലും അയാളുടെ ജോലി ചെയ്യാനുള്ള ശേഷിയും വിദ്യാഭ്യാസ യോ​ഗ്യതയും പരി​ഗണിക്കുമെന്ന് പറഞ്ഞു.

Tags

News Hub