കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം ; മുകേഷ് എം.എൽ.എയായി തുടരുമെന്ന് എം.വി.ഗോവിന്ദന്‍

Let the court take a position, then we can think;  MV Govindan said that Mukesh will continue as MLA
Let the court take a position, then we can think;  MV Govindan said that Mukesh will continue as MLA

കണ്ണൂര്‍: ലൈംഗിക പീഡനപരാതിയില്‍ നടനും ഭരണകക്ഷി എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, മുകേഷ് എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുകേഷിനെതിരായ കേസില്‍ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
 

Tags