ജമ്മു- കശ്മീരിൽ മൂന്നുപേരെ കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൂചിപ്പിച്ച് കേന്ദ്ര മന്ത്രി


ജമ്മു: ജമ്മു- കശ്മീരിലെ കത്വ ജില്ലയിൽ ബില്ലാവർ താലൂക്കിൽ മൂന്നുപേരെ കൊലപ്പെടുത്തിയത് ഭീകരരാണെന്ന സൂചന നൽകി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്.
ശനിയാഴ്ചയാണ് വരുൺ സിങ് (15), അമ്മാവൻ യോഗേഷ് സിങ് (32), ദർശൻ സിങ് (40) എന്നിവരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തെതുടർന്ന് പ്രദേശത്ത് വ്യാപകമായ പ്രതിഷേധവും കടയടപ്പും നടന്നിരുന്നു. കൊലപാതകം ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്വ ഉൾപ്പെടുന്ന ഉധംപൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സ്ഥലത്തെത്തിയിട്ടുണ്ട്.