മകരവിളക്ക് ദിവസം തീർഥാടകർക്ക് പ്രഭാത ഭക്ഷണം വിളമ്പി മന്ത്രി വിഎൻ വാസവൻ
Jan 14, 2025, 12:35 IST


ശബരിമല : മകരവിളക്ക് ദിവസം സന്നിധാനത്തെ അന്നദാനം കോംപ്ലക്‌സിൽ തീർഥാടകർക്കുള്ള അന്നദാനം സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർക്ക് പ്രഭാത ഭക്ഷണം വിളമ്പി. ഭക്തരുടെ ക്ഷേമവിവരങ്ങൾ അവരോട് നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി അന്നദാനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ചരിത്രത്തിലെ മികച്ച ശബരിമല തീർഥാടന കാലം ഒരുക്കാൻ സാധിച്ചതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് പറഞ്ഞു. ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാനെത്തിയ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കൊടിമരച്ചുവട്ടിൽവെച്ച് മന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.