സുനിതയെയും ബുച്ചിനെയും തിരിച്ചെത്തിക്കാനുള്ള ദൗത്യം വെള്ളിയാഴ്ച പുറപ്പെടും

The mission to bring back Sunita and Butch will take off on Friday.
The mission to bring back Sunita and Butch will take off on Friday.

വാഷിങ്ടണ്‍: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വെള്ളിയാഴ്ച വൈകിട്ട് 7.03-ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30) പുറപ്പെടുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു.

ബുധനാഴ്ച, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ക്രൂ 10 ദൗത്യം മാറ്റിവെക്കുന്നതായി സ്‌പേസ് എക്‌സ് അറിയിച്ച് 24 മണിക്കൂറിനകമാണ് ദൗത്യത്തിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഎസ്എസില്‍ എട്ടുദിവസം മാത്രം കഴിയാനെത്തിയ സുനിതയും ബുച്ചും കഴിഞ്ഞ ഒന്‍പതുമാസമായി തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണത്തിനായാണ് സുനിതയും ബുച്ചും ഇവിടെത്തിയത്. എന്നാല്‍, സ്റ്റാര്‍ലൈനറിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഇരുവര്‍ക്കും മടങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു.

ക്രൂ 10 ദൗത്യം, സുനിതയെയും ബുച്ചിനെയും തിരിച്ചെത്തിക്കുന്നതിനൊപ്പം ബഹിരാകാശ യാത്രികരുടെ പുതിയ സംഘത്തെ ഐഎസ്എസില്‍ എത്തിക്കുകയും ചെയ്യും. നാസയുടെ ആന്‍ മക്‌ക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്റെ ടകുയ ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ഈ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് എത്തുക.
 

Tags