കേരളം സംരംഭക സൗഹൃദം: മന്ത്രി പി രാജീവ്

Minister P Rajeev
Minister P Rajeev

കണ്ണൂർ :  ബിസിനസ് അന്തരീക്ഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നതിനുള്ള ലോകബാങ്ക് സംരംഭമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളത്തെ 15ാം റാങ്കിലേക്ക് എത്തിക്കാനായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

നേരത്തെ 28ാം റാങ്കിലുണ്ടായിരുന്നതാണ് മെച്ചപ്പെടുത്തി 15 റാങ്കിലേക്ക് ഉയർത്താനായത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിൽ അനുകൂല സാഹചര്യമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ സംരംഭക വർഷത്തിൽ 1.44 ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനായി. തൊഴിലാളികൾക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. കേരളത്തിൽ 764 രൂപയാണ് ശരാശരി കൂലി. മറ്റു സംസ്ഥാനങ്ങളിലേക്കാൾ മൂന്നിരട്ടിയിലധികം കൂടുതലാണ് കൂലി വർധനവ്. സമഗ്രമേഖലയിലും കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടാകുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നു. 

യൂണിവേഴ്സിറ്റികളുടെ വികസനത്തിന് മാത്രം 245 കോടി രൂപയാണ് മാറ്റിവെക്കുന്നത്. സർവകലാശാലകൾ ഉന്നത നിലവാരത്തിലേക്ക് മാറുകയാണ്. വ്യവസായ മേഖലയിലും കേരളം ആകർശിക്കുന്നു. ഡിസംബറോടെ കേരളത്തിൽ 30 ഓളം വ്യവസായ പാർക്കുകൾ യാഥാർഥ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചു. സയൻസ് പാർക്കുകളുടെ പ്രവർത്തനം കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. അവയവ മാറ്റത്തിന് വേണ്ടി മാത്രം കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സർക്കാർ പോവുകയാണെന്നും പി രാജീവ് പറഞ്ഞു.

Tags