മോദിയെയും യോഗിയേയും വധിക്കുമെന്നു ഭീഷണി ; യുവാവിന് രണ്ട് വർഷം തടവും പിഴയും


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വധിക്കുമെന്നു ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ കോടതി രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറിൽ മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാൻ ഖാനാണ് (29) ശിക്ഷ. ഇരുവരെയും വകവരുത്താൻ ദാവൂദ് ഇബ്രാഹിം തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞത്. ജയിൽ ശിക്ഷക്ക് പുറമെ പ്രതി 10,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കൺട്രോൾ റൂമിലേക്ക് വിളിച്ച പ്രതി മുംബൈയിലെ ജെ.ജെ ഹോസ്പിറ്റൽ ബോംബുവച്ച് തകർക്കുമെന്നായിരുന്നു ആദ്യം ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രി മോദിയെ വധിക്കാൻ അഞ്ച് കോടിരൂപയും യോഗിയെ വകവരുത്താൻ ഒരു കോടിയും ദാവൂദ് ഇബ്രാഹിം വാഗ്ദാനം ചെയ്തെന്നായിരുന്നു ഇയാളുടെ വാദം. ജെ.ജെ ഹോസ്പിറ്റലിൽ വൈദ്യപരിശോധനക്ക് എത്തിയപ്പോഴാണ് പ്രതി കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ആശുപത്രിയിൽ രോഗികളുടെ തിരക്ക് കാരണം പരിശോധന വൈകിയതോടെയാണ് ഇയാൾ പൊലീസിനെ വിളിച്ചത്.

സമാധാന അന്തരീക്ഷം തകർക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങൾക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾക്കെതിരെയുള്ള ഭീഷണികൾ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണ് പ്രതി ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഭീഷണി സന്ദേശത്തെത്തുടർന്ന് പൊലീസ് സേന ഒന്നാകെ സുരക്ഷാ നടപടികളിലേക്കു കടക്കേണ്ടിവന്ന കാര്യവും ചൂണ്ടിക്കാട്ടി. പ്രതി മാനസിക ദൗർബല്യമുള്ളയാളാണെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും തെളിവു ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.