ഇടുക്കി ഗ്രാമ്പിയില്‍ കടുവയെ ഉടന്‍ മയക്കുവെടിവെയ്ക്കും; വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

idukky kaduva
idukky kaduva

മയക്കുവെടിവെക്കുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. രാവിലെ 7 മണിക്കാണ് ദൗത്യം ആരംഭിച്ചത്. വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലാണ് ദൗത്യം . കടുവയുടെ കാലിലെ പരിക്ക് ഗുരുതരമാണ്. മയക്കുവെടിവെക്കുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

സ്വയം ഇര തേടി പിടിക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ മയക്കു വെടി വെച്ച് പിടികൂടുന്ന കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുവാനാണ് വനം വകുപ്പിന്റെ തീരുമാനം. തുടര്‍ന്ന് കടുവ വെറ്റിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആയിരിക്കും. ഇവരുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കും കടുവയെ കാട്ടില്‍ തുറന്നു വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. 

ഇന്ന് ദൗത്യം നടക്കുന്നതിനാല്‍ മേഖലയില്‍ വനംവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എരുമേലി റെയിഞ്ച് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് കടുവയെ പതിനൊന്നാം തീയതി മുതല്‍ നിരീക്ഷിച്ചു വരുന്നത്.

Tags