ഉത്സവ ഘോഷയാത്രയില്‍ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള കൊടികൾ ഉയർത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: ബിജു ഏളക്കുഴി

Activists celebrate with pictures of Sooraj murder case accused during temple festival in Koothuparamba Parambai
Activists celebrate with pictures of Sooraj murder case accused during temple festival in Koothuparamba Parambai

ജില്ലയില്‍ ഇത്തരം നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ദിവസം തലശ്ശേരി മണോളിക്കാവില്‍ ഉത്സവസമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണുണ്ടായത്

തലശ്ശേരി: മമ്പറം പറമ്പായി കുട്ടിച്ചാത്തന്‍മഠം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലശഘോഷയാത്രയില്‍ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി മുദ്രാവാക്യം മുഴക്കിയ സംഭവം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി വാർത്താകുറിപ്പിൽ ആരോപിച്ചു. സാധാരണമായി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഘോഷയാത്രകളില്‍ ഭക്തിഗാനങ്ങളാണുണ്ടാവുക. എന്നാല്‍ ഇതിന് വിരുദ്ധമായി സിപിഎം കേന്ദ്രങ്ങളില്‍ മുദ്രാവാക്യം വിളികളും കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങളുമാണുണ്ടാവുന്നത്.

ക്ഷേത്രാചാരങ്ങളെ ഇല്ലാതാക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വ്വം ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങള്‍. പറമ്പായി കുട്ടിച്ചാത്തന്‍ മഠത്തിലെ ഘോഷയാത്രയില്‍ ബിജെപി പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളാണുപയോഗിച്ചത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ മനോരാജിന്റെയും ടി.പി. വധക്കേസിലെ കൊലയാളിസംഘത്തില്‍പ്പെട്ട ടി.കെ. രജീഷിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. കൊലയാളികളെ മഹത്വവല്‍ക്കരിക്കാന്‍ ഹൈന്ദവ ആരാധനാലയങ്ങളെ  ദുരുപയോഗം ചെയ്യുന്നത് ക്ഷേത്ര ആചാരങ്ങളെ നശിപ്പിക്കാനും ഭക്തരെ ക്ഷേത്രത്തില്‍ നിന്നകറ്റാനുമാണ്.

Activists celebrate with pictures of Sooraj murder case accused during temple festival in Koothuparamba Parambai

ജില്ലയില്‍ ഇത്തരം നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ദിവസം തലശ്ശേരി മണോളിക്കാവില്‍ ഉത്സവസമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണുണ്ടായത്. അക്രമികള്‍ക്കെതിരെ നടപടിയെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കൂത്തുപറമ്പ് തൃക്കണ്ണാപുരം ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലേക്ക് ഒരു വിഭാഗം ഭക്തര്‍ ആചാരത്തിന്റെ ഭാഗമായി എത്തിച്ച കലശം പോലീസിന്റെ ഒത്താശയോടെ സിപിഎമ്മുകാര്‍ തടഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.

പോലീസിനോട് പരാതിപ്പെട്ടിട്ട് പോലും കലശം ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചില്ല. നിരവധി ക്ഷേത്രങ്ങളില്‍ സമാനമായ സഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും ആശങ്കാജനകമാണെന്നും വിശ്വാസി സമൂഹം ഇതിനെതിരെ രംഗത്ത് വരണമെന്നും ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Tags

News Hub