ധാന്യാവശിഷ്ടത്തില്‍ നിന്ന് ഭക്ഷണപാത്രം;സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റിന് കൈമാറി

google news
Food container from cereal waste; CSIR-NIIST technology handed over to East Corridor Consultant

തിരുവനന്തപുരം: അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ലക്നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ്  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു.

എന്‍ഐഐഎസ്ടിയില്‍ നിന്ന് ഈ സാങ്കേതികവിദ്യ ലഭ്യമാകുന്ന 16-ാമത്തെ കമ്പനിയാണ് ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴില്‍ തിരുവനന്തപുരത്തെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി).

മണ്ണില്‍ പൂര്‍ണമായും ദ്രവിച്ചുപോകുന്ന ഈ പ്ലേറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് ബദല്‍ ആണ്. ചൂടുള്ളതോ തിളപ്പിച്ചതോ ആയ ഖര, ദ്രാവക ഭക്ഷണം ഇതില്‍ വിളമ്പാം. 3-10 പിഎച്ച് പരിധിയില്‍ ആസിഡുകളെയും ആല്‍ക്കലിയെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ആവശ്യത്തിന് ബലമുള്ള ഈ പ്ലേറ്റ് വാങ്ങി ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനുമാകും. 10 സെന്‍റീ മീറ്റര്‍ വ്യാസമുള്ള ഒരു പ്ലേറ്റിന്‍റെ നിര്‍മ്മാണച്ചെലവ് 1.5 മുതല്‍ 2 രൂപ വരെയാണ്.
 
കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഇത്തരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയുള്ള വായു മലിനീകരണം കുറയ്ക്കുന്നതിലും ഇത് ഗുണംചെയ്യും. പ്ലാസ്റ്റിക്കിനെയും പേപ്പറിനെയും അപേക്ഷിച്ച് കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുകയും അസംസ്കൃത വസ്തുക്കളുടെ വിതരണം വഴി ഗ്രാമീണ ജനതയ്ക്ക് തൊഴില്‍ സൃഷ്ടിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 
സംരംഭകന്‍റെ തിരഞ്ഞെടുപ്പിന് അനുസൃതമായി മാനുവല്‍, സെമി-ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് എന്നിങ്ങനെ വിവിധ പ്രവര്‍ത്തന രീതികളില്‍ ഈ സാങ്കേതികവിദ്യയുടെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. പ്രതിദിനം 500 കിലോ മുതല്‍ 3 ടണ്‍ വരെയാണ് ശേഷി. പ്രവര്‍ത്തന രീതിയെ അടിസ്ഥാനമാക്കി യന്ത്ര സംവിധാനങ്ങളുടെ വില 50 ലക്ഷം മുതല്‍ 2 കോടിവരെ വ്യത്യാസപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഇന്നൊവേറ്റ് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സംരംഭമാണിത്.

Tags