അത്തം പിറന്നു..ഇനി ആഘോഷത്തിന്റെ നാളുകൾ..പൂക്കളമിടുമ്പോൾ ഈ പൂക്കൾ മറക്കല്ലേ..
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം..ഓണാഘോഷത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പൂക്കളമിടൽ. പണ്ട് തൊടിയിൽ നിന്നും പൂക്കളിറുത്തു അത്തക്കളം തീർത്തത് ഓർമയില്ലേ... ഇന്ന് കാലം മാറിയപ്പോൾ പൂക്കളങ്ങൾ ഭരിക്കുന്നത് അന്യസംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കളാണ്. എന്നാൽ പൂക്കളം ഒരുക്കുമ്പോൾ നിര്‍ബന്ധമായും ചില പൂക്കൾ അതിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ആ പൂക്കൾ ഇവയാണ്..
തുമ്പപ്പൂ
നാട്ടിന്‍പുറത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പൂവാണ് തുമ്പ. പൂക്കളത്തിലെ ഒഴിവാക്കാനാവാത്ത ഒരു പൂവ് കൂടിയാണ് തുമ്പപ്പൂ. ഇതുണ്ടെങ്കില്‍ മാത്രമേ ഓണപ്പൂക്കളം പൂര്‍ണമാകുകയുള്ളൂ. അത്തം നാളിൽ തുമ്പപ്പൂ മാത്രം ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുക.
തുളസി
തുളസിയാണ് മറ്റൊരു പ്രധാനപ്പെട്ട പുഷ്പം. ഇത് പൂജക്കും പൂക്കളം ഉണ്ടാക്കാനും ഒരു പോലെ പ്രധാനപ്പെട്ട ഒന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ കാര്യത്തില്‍ തുളസിയില്ലാതെ ഒരിക്കലും പൂക്കളം പൂര്‍ണമാകുകയില്ല. ചിത്തിരയ്ക്കു തുളസിപ്പൂവും ചുറ്റും തുമ്പപ്പൂവും ചേർന്നാണു പൂക്കളം.
തെച്ചി
നമ്മുടെ നാട്ടിൻപുറങ്ങളിൽ പൊതുവെ കാണപ്പെടുന്ന പൂവാണ് തെച്ചിപ്പൂവ്. ഓണപ്പൂക്കളത്തില്‍ ശ്രദ്ധേയ സാന്നിധ്യമറിയിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് തെച്ചി. വിശാഖം മുതൽ തെച്ചിയും പൂക്കളങ്ങളിൽ ഉൾപ്പെടുത്തുന്നു.
ചെമ്പരത്തി
ചെമ്പത്തിയാണ് മറ്റൊരു പുഷ്പം. ഓണപ്പൂക്കളം പൂര്‍ണമാകണമെങ്കില്‍ ചെമ്പരത്തിയുടെ സാന്നിധ്യം അനിവാര്യമാണ്. ഓണപ്പൂക്കളത്തിന് മാത്രമല്ല മറ്റ് പല വിധ ആവശ്യങ്ങള്‍ക്ക് ചെമ്പരത്തി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഓണത്തിന് അത്തപ്പൂക്കളമിടുമ്പോള്‍ പൂക്കളത്തിന് നടുവില്‍ കുടകുത്തുന്നത് ചെമ്പരത്തിപ്പൂകൊണ്ടാണ്.
ശംഖുപുഷ്പം
ശംഖുപുഷ്പമാണ് ഓണപ്പൂക്കളത്തില്‍ സാന്നിധ്യമറിയിക്കേണ്ട മറ്റൊരു പുഷ്പം. ഓണത്തെ കളര്‍ഫുള്‍ ആക്കുന്ന കാര്യത്തില്‍ ശംഖുപുഷ്പത്തിന്റെ പങ്ക് ചില്ലറയല്ല.
ജമന്തി
ഓണപ്പൂക്കളത്തില്‍ ഒട്ടും പുറകില്‍ നില്‍ക്കേണ്ട ഒന്നല്ല ജമന്തി. പല നിറത്തിലുള്ള ജമന്തി പുഷ്പങ്ങള്‍ ഉണ്ട്. ഓറഞ്ച്. വെള്ള, ചുവപ്പ് എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ജമന്തി പുഷ്്പങ്ങളാണ്. ഇതെല്ലാം ഓണപ്പൂക്കളം കളര്‍ഫുള്‍ ആക്കാന്‍ സഹായിക്കും.
മന്ദാരം
വെള്ള നിറത്തിലുള്ള മന്ദാരം പൂക്കളത്തിലുണ്ടെങ്കില്‍ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ്. മറ്റ് പൂക്കളെ അപേക്ഷിച്ച് അല്‍പം വലുതായിരിക്കും മന്ദാരം. വെള്ളനിറം തന്നെയാണ് ഇതിന്റെ പ്രത്യേകതയും.
കൊങ്ങിണിപ്പൂവ്/ അരിപ്പൂവ്
കൊങ്ങിണിപ്പൂവാണ് മറ്റൊന്ന്. കൊങ്ങിണിപ്പൂവിന് ഒടിച്ചുറ്റി എന്നും പേരുണ്ട്. ഇത് പല നിറങ്ങളില്‍ ഉണ്ട്. മഞ്ഞ, നീല ചുവപ്പ് എന്നീ നിറങ്ങളില്‍ കൊങ്ങിണിപ്പൂവുണ്ട്. ഇത് പൂക്കളത്തിലെ പ്രധാന ആകര്‍ഷണമാണ്.
ഹനുമാന്‍ കിരീടം
ഹനുമാന്‍ കിരീടം അഥവാ കൃഷ്ണ കിരീടം എന്ന പുഷ്പവും ഓണപ്പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഓറഞ്ചം ചുവപ്പും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്ന്. നാട്ടിന്‍പുറത്തെ സാധാരണ കാഴ്ചയാണ് ഓണത്തോടടുക്കുമ്പോള്‍ കൃഷ്ണ കിരീടം പൂത്തു നില്‍ക്കുന്നത്.
മുക്കുറ്റി
മുക്കുറ്റിയെ ഒരിക്കലും ഒണപ്പൂക്കളത്തില്‍ നിന്ന് ഒഴിവാക്കരുത്. പൂജകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്.