റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

Republic Day: The Governor will hoist the National Flag at the state level celebration
Republic Day: The Governor will hoist the National Flag at the state level celebration


തിരുവനന്തപുരം : സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടക്കും.

ജില്ലാതല ആഘോഷ പരിപാടികളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ബന്ധപ്പെട്ട മന്ത്രിമാർ ദേശീയ പതാക ഉയർത്തും. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി.  പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഗ്രീൻ പോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.

Tags