ഏഴുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ്; തിമേനാറിൽ ആദ്യമായി വൈദ്യുതിയെത്തി
Mar 24, 2025, 08:57 IST


റായ്‌പുർ: ഏഴുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഛത്തീസ്ഗഢിലെ ബിജാപുരിലെ തിമേനാറിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോവാദിഭീഷണിയുള്ള മേഖലയാണിത്. 53 വീടുകളാണ് ഗ്രാമത്തിലുള്ളത്. 2026 മാർച്ച് 31-ഓടെ രാജ്യത്തെ മാവോവാദിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സാമൂഹികനീതിവകുപ്പ് 2024 മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ 832 ഗ്രാമങ്ങളിൽ ഇപ്പോഴും വൈദ്യുതിയെത്തിയിട്ടില്ല. തമിഴ്നാട്ടിലെ 127 ഗ്രാമങ്ങൾ ഇരുട്ടിലാണ്. കേരളം, ഡൽഹി, മണിപ്പുർ, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളാണ് സമ്പൂർണമായി വൈദ്യുതവത്‌കരിച്ചത്.