വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ എംഎസ്സി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്


രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്തുടരുകയായിരുന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്. റായ്ച്ചൂരിലാണ് സംഭവം. സിദ്ധനൂര്‍ ആര്‍ട്സ് കോളേജിലെ എംഎസ്സി വിദ്യാര്‍ത്ഥിനിയായ ഷിഫ(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന മുബീന്‍ കീഴടങ്ങി.
രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്തുടരുകയായിരുന്നു. ഷിഫയെ തടഞ്ഞുനിര്‍ത്തി മുബീന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുബീന്‍ ഷിഫയുടെ കഴുത്തില്‍ പലതവണ കുത്തി. ഇതിന് ശേഷം കഴുത്തറുക്കുകയായിരുന്നു. ചോരവാര്‍ന്ന് ഷിഫ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലയ്ക്ക് പിന്നാലെ മുബീന്‍ സിദ്ധനൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
ഷിഫയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതോടെ പകയായെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ആറ് വര്‍ഷമായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി ഷിഫയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഷിഫ വിവാഹത്തിന് സമ്മതം മൂളിയതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
