വളപട്ടണം ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Valapatnam GHSS ground renovation work inaugurated
Valapatnam GHSS ground renovation work inaugurated


വളപട്ടണം: വളപട്ടണം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 2022-23 വര്‍ഷ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വളപട്ടണത്തിന്റെയും വളപട്ടണം സ്‌കൂളിന്റെയും മുഖച്ഛായ മാറും. നിലവിലുള്ള ഗ്രൗണ്ട് മഡ് ഫുഡ്ബോള്‍ കോര്‍ട്ടായി മാറ്റുന്നതാണ് പ്രധാന പ്രവൃത്തി.

ആധുനിക ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, സ്റ്റെപ്പ് ഗ്യാലറി, ആര്‍.സി.സി ഡ്രെയിന്‍, കോമ്പൗണ്ട് വാളിന്റെ നവീകരണം, ഗ്രൗണ്ടിന് ചുറ്റും ഫെന്‍സിംഗ്, ഗേറ്റ് എന്നിവയാണ് മറ്റ് പ്രവൃത്തികള്‍. ഉപയോഗിക്കാതെ കിടന്ന മൈതാനം എംഎല്‍എ നേരിട്ട് സന്ദര്‍ശിച്ചിക്കുകയും ഗ്രൗണ്ട് പരിശോധിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനോട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫണ്ട് അനുവദിച്ചു. പ്രവൃത്തി വേഗതയില്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു നല്‍കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് എം എല്‍ എ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷമീമ, വൈസ് പ്രസിഡന്റ് വി.കെ.സി ജംഷീറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നൗഷാദ്, എ.ടി സഹീര്‍, വാര്‍ഡ് മെമ്പര്‍മാരായ എ.ടി.സമീറ, പി.ജെ.പ്രജിത്ത്, എം.കെ.ശശി, ടൗണ്‍ സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് അഷറഫ് ഇളയിടത്ത്, ജോഹര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ആര്‍. ഹരികൃഷ്ണന്‍, പ്രധാനധ്യാപിക പി.വി ബിന്ദു, പി.ടി.എ വൈസ് പ്രസിഡന്റ് എ.ടി.റൗഫ്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.സി രഞ്ജിത്ത് തുടങ്ങിവര്‍ പങ്കെടുത്തു.

Tags