സംവരണ പട്ടിക ഉടൻ പുതുക്കണം : ഹാരിസ് ബീരാൻ


ന്യൂഡൽഹി : പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് സമുദായങ്ങളുടെ സാമ്പത്തിക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സംവരണ പട്ടിക
ഉടൻ പുതുക്കണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലായ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംവരണം വഹിച്ച പങ്ക് വലുതാണ്.
സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം സംവരണ സംവിധാനം പ്രവർത്തിക്കുന്നത്. നിലവിൽ ഏത് സമുദായത്തിനാണ് മതിയായ പ്രാതിനിധ്യമുള്ളതെന്നോ കുറവുള്ളതെന്നോ വ്യക്തമാക്കുന്ന കണക്കുകൾ സർക്കാറിന്റെ കൈയിലില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അർഹരായ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും അവസരങ്ങളും പ്രാതിനിധ്യവും നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
