തിയറ്ററില്‍ വിമര്‍ശനമേറ്റുവാങ്ങി സല്‍മാന്‍ഖാന്‍ ചിത്രം സിക്കന്ദര്‍

salman khan
salman khan

ആദ്യദിനം പിന്നിടുമ്പോള്‍ സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ലഭിക്കുന്നത്.

തിയേറ്ററില്‍ കിതയ്ക്കുകയാണ് സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'. എ. ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍, സല്‍മാന്റെ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോള്‍ സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ലഭിക്കുന്നത്.

വളരെ മോശം പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമകള്‍ ഒന്നും തന്നെയില്ലാത്ത സിനിമയാണെന്നും വെറുതെ പണവും സമയവും നഷ്ടം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പല തെന്നിന്ത്യന്‍ സിനിമകളും പൊടിതട്ടിയെടുത്തതാണ് ഈ സിനിമയെന്നും എ. ആര്‍ മുരുഗദോസ് മാജിക് നഷ്ടമായിരിക്കുന്നു എന്നൊക്കെയാണ് ചിത്രം കണ്ടിറങ്ങിവരുടെ പ്രതികരണം. മോശം പ്രതികരണം മാത്രമല്ല, വലിയ ട്രോളുകളും സിനിമയ്ക്കു ലഭിക്കുന്നുണ്ട്. സിനിമയുടെ സംഗീതത്തിനും വലിയ വിമര്‍ശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് നാരായണന്‍ നല്‍കിയ സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കഥയുമായി ചേര്‍ന്ന് പോകുന്നതല്ല എന്നും ഗാനങ്ങള്‍ തങ്ങളെ ഒരുപാട് നിരാശപ്പെടുത്തിയെന്നും ചില പ്രേക്ഷകര്‍ പറഞ്ഞു. തിയേറ്ററിലേക്കുള്ള പവര്‍ പാക്ക്ഡ് എന്‍ട്രിക്ക് മുന്നേ തന്നെ സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതും സിനിമയ്ക്ക് വന്‍ തിരിച്ചടിയായി. റിലീസിന് തൊട്ട് മുന്‍പത്തെ ദിവസം മുതല്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എത്തിയിരുന്നു. സബ്‌ടൈറ്റില്‍ ഉള്‍പ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് എത്തിയത്.

അതേസമയം, ബോളിവുഡില്‍ രശ്മിക മന്ദാനയുടെ ആദ്യ ഫ്‌ലോപ്പ് ആയി മാറിയിരിക്കുകയാണ് സിക്കന്ദര്‍. സിനിമയില്‍ അഭിനയിക്കുന്നതില്‍ ഇരുവരുടെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍ എത്തുകയും ചെയ്തിരുന്നു. നായികയ്‌ക്കോ അവരുടെ പിതാവിനോ പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് നടന്‍ ചോദിക്കുന്നത്. മാത്രമല്ല, രശ്മികയ്ക്ക് മകള്‍ ഉണ്ടാവുമ്പോള്‍ അവള്‍ക്കൊപ്പവും അഭിനയിക്കും എന്നാണ് സല്‍മാന്‍ പറയുന്നത്. രശ്മിയ്ക്ക് മാത്രമല്ല ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ സല്‍മാനും സിക്കന്ദര്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ല

Tags

News Hub